aisf

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിന് എസ്.എഫ്.ഐ മർദ്ദിച്ചുവെന്ന് വെളിപ്പെടുത്തി യൂണിവേഴ്സിറ്റി കോളേജിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി. യൂണിറ്റ് സെക്രട്ടറി റെനിൽ സന്തോഷാണ് എസ്‌.എഫ്.ഐ നേതാക്കൾ തന്നെ തല്ലി ചതച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് സംഭവം നടന്നതെന്നും റെനിൽ പറയുന്നു.

എസ്.എഫ്.ഐ നേതാക്കൾ 'റൗണ്ട്സ്' എന്ന പേരിൽ കോളേജിൽ റോന്ത് ചുറ്റുന്ന പതിവുണ്ടെന്നും കൈയിൽ വടികളും മറ്റ് മാരകായുധങ്ങളുമായാണ് ഇവർ കോളേജിൽ ചുറ്റിക്കറങ്ങുന്നതെന്നും റെനിൽ ഓർമിക്കുന്നു. കുത്തുകേസിൽ പ്രതിയായ ഹരീഷ് എന്ന എസ്.എഫ്.ഐക്കാരനാണ് തന്നെ മർദിച്ചതെന്നും റെനിൽ പറഞ്ഞു.

എ.ഐ.എസ്.എഫിന്റെ യൂണിറ്റ് തുടങ്ങുന്ന കാര്യം സംബന്ധിച്ച് കോളേജിൽ എത്തിയപ്പോഴാണ് ഇവർ ഇയാളെ മർദ്ദിച്ചത്. മർദ്ദനത്തിൽ അവശനായി നടക്കാൻ പോലും സാധിക്കാതിരുന്ന തന്നെ എസ്.എഫ്.ഐക്കാർ രാത്രി ഏഴ് മണിവരെ തിരുവനന്തപുരം പാളയത്ത് പിടിച്ചു വച്ചുവെന്നും റെനിൽ പറഞ്ഞു.

അതേസമയം ഇന്നലെ യൂണിവേഴ്സിറ്റ് കോളേജിൽ യൂണിറ്റ് രൂപീകരിച്ചതായി എ.ഐ.എസ്.എഫ് അറിയിച്ചിരുന്നു . അടുത്ത അദ്ധ്യയനദിവസം തന്നെ കൊടിമരം സ്ഥാപിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് രാഹുൽ രാജ് അറിയിച്ചിരുന്നു. എന്നാൽ സ്ഥലത്തെ സംഘർഷാവസ്ഥ പരിഗണിച്ച് ഇന്നലെ പ്രിൻസിപ്പൽ കോളേജിന് അവധി പ്രഖ്യാപിച്ചതിനാൽ ഇത് നടപ്പാക്കാൻ സാധിച്ചില്ല.