facebook

വാഷിംഗ്ടൺ: ലണ്ടൻ ആസ്ഥാനമായ ഡേറ്റ അനലൈസിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഫേസ് ബുക്കിന് 5 ബില്യൺ ഡോള‍ർ പിഴ ചുമത്തിയതായി റിപ്പോർട്ട്. ഏകദേശം 34,200 കോടി രൂപ പിഴയടയ്ക്കേണ്ടിവരും. യു.എസ് ഫെഡറൽ ട്രേഡ് കമ്മിഷനാണ് (എഫ്.ടി.സി) പിഴ ചുമത്തിയത്.

ഫേസ് ബുക്കിനെതിരേ 2018 മാർച്ചിൽ എഫ്.ടി.സി അന്വേഷണം ആരംഭിച്ചിരുന്നു.

എട്ടു കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മിഷൻ ഫേസ് ബുക്കിന് മുന്നിൽ വച്ചിട്ടുണ്ട്. ഫേസ് ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്.

ഇതിനെ എതിർത്തും അനുകൂലിച്ചും അമേരിക്കയിലെ രാഷ്ട്രീയപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും. എന്നാൽ പിഴയെപ്പറ്റി പ്രതികരിക്കാൻ ഫേസ് ബുക്കോ, യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷനോ തയ്യാറായിട്ടില്ല.

ഒക്ടോബറിൽ ബ്രിട്ടൻ ഫേസ് ബുക്കിന് 4.72 കോടി രൂപ പിഴ വിധിച്ചിരുന്നു.

കേസ് ഇങ്ങനെ

2014ൽ ബ്രിട്ടീഷ് വിദ്യാഭ്യാസ വിദഗ്ദ്ധനായ അലക്സാൻഡർ കോഗൻ നിർമിച്ച ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത 8.7 കോടിയിലേറെ ഫേസ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാണ് വിവാദം. കോഗൻ ഈ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറുകയായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ മൂന്നാംകക്ഷികളുമായി പങ്കുവയ്ക്കുന്നത് ഉപയോക്താക്കളുടെ സമ്മതപ്രകാരം മാത്രമായിരിക്കണമെന്ന കരാർ ഫേസ് ബുക്ക് ലംഘിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും അന്വേഷിച്ചത്.