ബംഗളൂരു: കർണാടകത്തിൽ വിമത കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് സുപ്രീംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെ, അതിനു മുമ്പ് എം.എൽ.എമാരെ തിരികെയെത്തിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി. രാജി പിൻവലിച്ച് തിരികെയെത്തുമെന്ന് സൂചന നൽകിയിരുന്ന എം.ടി.ബി. നാഗരാജ് കൂടി ഇന്നലെ മുംബയ്ക്കു പോയി. നിയമസഭയിൽ വിശ്വാസവോട്ട് ജയിക്കാമെന്ന കുമാരസ്വാമി സർക്കാരിന്റെ പ്രതീക്ഷ ഇതോടെ വീണ്ടും ത്രിശങ്കുവിലായി.
കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവർ ബംഗളൂരുവിലെ വസതിയിൽ നാഗരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മടങ്ങിയെത്തുമെന്ന് അദ്ദേഹം നേതൃത്വത്തിന് സൂചന നൽകിയിരുന്നു. കഴിഞ്ഞ പത്തിന് തനിക്കൊപ്പം രാജിവച്ച ചിക്കബല്ലപുര എം.എൽ.എ കെ. സുധാകറിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് നാഗരാജ് ശനിയാഴ്ച പറഞ്ഞത്. സുധാകർ മറ്റ് വിമത എം.എൽ.എമാർക്കൊപ്പം മുംബയിലെ റിനൈസൻസ് ഹോട്ടലിലാണ്. ഇന്നലെ പെട്ടെന്ന് നിലപാട് മാറ്റിയ നാഗരാജ് ബി.ജെ.പി നേതാവ് ആർ. അശോകിനൊപ്പം ചാർട്ടേഡ് ഫ്ളൈറ്റിൽ മുംബയ്ക്ക് പോവുകയായിരുന്നു. നാഗരാജ് ഹോട്ടലിൽ ഉള്ളതായി പിന്നീട് ആർ. അശോക് സ്ഥിരീകരിച്ചു. അതേസമയം, മുംബയ്‌ക്കു പോയ എം.ടി.ബി. നാഗരാജ്, മറ്റൊരു വിമതനായ സുധാകറിനെയും കൂട്ടി ഇന്ന് ബംഗളൂരുവിൽ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് രാത്രി വൈകിയും കോൺഗ്രസ് നേതൃത്വം.
തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ ഇതുവരെ 15 എം.എൽ.എമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. രാജി സ്വീകരിക്കുന്നതിലും, എം.എൽ.എമാർക്ക് അയോഗ്യത കല്പിക്കുന്നതിലും നാളെ വരെ തീരുമാനമെടുക്കരുതെന്നും, അതുവരെ തത്‌സ്ഥിതി തുടരാനുമാണ് വെള്ളിയാഴ്ച സുപ്രീംകോടതി നിർദ്ദേശിച്ചത്. കോൺഗ്രസിൽ നിന്ന് പതിമ്മൂന്നും ദളിൽ നിന്ന് മൂന്നും വിമതർ ഉൾപ്പെടെ 16 എം.എൽ.എമാർ ആണ് ഇതുവരെ രാജിവച്ചത്. രണ്ട് സ്വതന്ത്ര എം.എൽ.എമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കോൺഗ്രസ് എം.എൽ.എമാരിൽ എനിക്ക് വിശ്വാസമുണ്ട്. രാജിവച്ചവർ തിരികെവരും. സഭയിൽ വിശ്വാസ പ്രമേയത്തെ എതിർത്താൽ അയോഗ്യത കല്പിക്കപ്പെടുമെന്ന് അവർക്കറിയാം. സഖ്യ സർക്കാരിനെ അവർ താഴെവീഴ്‌ത്തില്ല.
- ഡി.കെ. ശിവകുമാർ, കോൺ. നേതാവ്
രാജിവച്ചവർ മടങ്ങിവരില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇപ്പോഴത്തെ സഹാചര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. കർണാടകത്തിലെ ജനങ്ങളെ സേവിക്കാൻ ബി.ജെ.പിക്ക് രണ്ടോ മൂന്നോ ദിവസത്തിനകം അവസരമുണ്ടാകും.
- ബി.എസ്. യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ