ഹരിപ്പാട്:കലാലയങ്ങളെ കലാപശാലയാക്കുന്നത് രാജ്യത്തിനു തന്നെ അപകടമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് ഒരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല. കാലത്തിന്റെ ഉൾവിളി മനസിലാക്കാനുള്ള ഇച്ഛാശക്തി ഇടതു സർക്കാരിന് ഇല്ലാത്തതുകൊണ്ടാണ് കലാലയ രാഷ്ട്രീയത്തിന്റെ ഗതി തെറ്റിപ്പോകുന്നതെന്നും ശ്രീനാരായണ എംപ്ലോയീസ് വെൽഫയർ ഫോറം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടികളിലെ അക്രമസ്വഭാവം കാരണം അദ്ധ്യാപകർക്കു പോലും ആത്മഭയം കൊണ്ട് പിന്തിരിയേണ്ട അവസ്ഥയായിരിക്കുന്നു. ഇതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളോടുള്ള വിരോധം വിദ്യാർത്ഥികൾക്കു മാത്രമല്ല, രക്ഷിതാക്കൾക്കുമുണ്ടാകും. ഇതു കാണാതെ പോകുന്നതാണ് ഇടതുപക്ഷത്തിനു സംഭവിക്കുന്ന മൂല്യച്യുതിയുടെ കാരണം. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന ശൈലിയാണ് വർത്തമാനകാലത്ത് വേണ്ടത്. കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി ഇടതു സർക്കാർ കാണിച്ചില്ലെങ്കിൽ അതിന്റെ ദുരിതവും ദു:ഖവും ഈ സർക്കാരിനുണ്ടാകും.
എനിക്ക് ഉറച്ച നിലപാടില്ലെന്ന് പലരും പറയും. രാഷ്ട്രീയക്കാരുടെ നിലപാടുകൾ മാറുന്നതിനനുസരിച്ചാണ് ഞാനും അഭിപ്രായം പറയുന്നത്. ഒത്തു പറയാതിരിക്കുക, ഉള്ളതു പറയുക എന്നതാണ് എന്റെ രീതി. ഞാൻ ഒരു രാഷ്ട്രീയക്കാരന്റെയും തടവറയിലല്ല. വാലുമല്ല, ചൂലുമല്ല. സംവരണം പോലും അട്ടിമറിക്കപ്പെടുന്നതിന് എതിരെ പ്രതികരിക്കാൻ കേരളകൗമുദിയല്ലാതെ മറ്റൊരു പത്രവും തയ്യാറാകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, ഫോറം മുൻ സംസ്ഥാന പ്രസിഡന്റ് ഷാജി എം.പണിക്കർ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ചവറ യൂണിയൻ സെക്രട്ടറി അനീഷ് കരയിൽ, തൊടുപുഴ യൂണിയൻ കൺവീനർ ഡോ. സോമൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ.സി.എം. ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, സുവിൻ സുന്ദർ, പൂപ്പള്ളി മുരളി, അശോക് കുമാർ, ദിനു വാലുപറമ്പിൽ, ഷാജി ബോൺസലെ, പി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. എസ്. അജുലാൽ സ്വാഗതവും ഡോ. വി. ശ്രീകുമാർ നന്ദിയും പറഞ്ഞു. ഷാജി ബോൺസലെ തയ്യാറാക്കിയ എസ്.എൻ.ഡി.പി യോഗചരിത്രം- സിഡിയുടെ പ്രകാശനവും വെള്ളാപ്പള്ളി നിർവ്വഹിച്ചു.