sindhu-joy

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ പ്രതികൾ രക്ഷപ്പെട്ടതിൽ പൊലീസിനെതിരെ രഗംത്ത് വന്ന മുൻ ഡി.ജി.പി ടി.പി.സെൻകുമാറിന് മറുപടിയുമായി എസ്.എഫ്.ഐയുടെ മുൻ നേതാവ് സിന്ധു ജോയ്. ' 2006 - ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ കയറിയത് ആരാ?? ' എന്ന കുറിപ്പോടെ ടി.പി. സെൻകുമാർ ഷെയർ ചെയ്ത വീഡിയോക്കാണ് സിന്ധുജോയിയുടെ മറുപടി. അർദ്ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണെന്നാണ് സിന്ധു ജോയി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചതെന്ന് സിന്ധുജോയി ചോദിക്കുന്നു. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്. ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണെന്ന് സിന്ധു ഓർമ്മിപ്പിക്കുന്നു.