തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ 'എക്സ്' ഇന്ത്യൻ വിപണിയിൽ ഇറക്കാനൊരുങ്ങി റിയൽമി. പുത്തൻ ഫീച്ചറുകളും പിറകിലും മുൻപിലും വ്യത്യസ്തമായ ഡിസൈനോടും കൂടിയാണ് 'എക്സ്' പുറത്തിറങ്ങാൻ തുടങ്ങുന്നത്. ഇന്ത്യയിൽ പുറത്തിറങ്ങുന്ന റിയൽമിയുടെ ആദ്യ പ്രീമിയം ഫോൺ കൂടിയാണ് 'എക്സ്'.
അടുത്തിടെ പുറത്തിറങ്ങിയ ഷവോമി റെഡ്മി കെ20യോട് മത്സരിക്കാനാണ് അധികം താമസിയാതെ തന്നെ ഈ ഫോൺ റിയൽമി ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസം, ചൈനയിലാണ് 'എക്സ്' റിയൽമി ആദ്യം പുറത്തിറക്കിയത്. 'എക്സി'ന് ഏകദേശം 15,300 രൂപ വിലവരുമെന്നാണ് കരുതുന്നത്. റിയൽമി 3ഐ എന്ന ഫോണും 'എക്‌സി'നൊപ്പം പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ജൂലൈ 15നാണ് ലോഞ്ച്.
കമ്പനിയുടെ ആദ്യത്തെ നോച്ച്ലെസ് ഫോൺ എന്ന പ്രത്യേകതയും എക്‌സിനുണ്ട്. വൺ പ്ലസ് സെവനിൽ ഉള്ളത് പോലെ പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് എക്‌സിലുമുള്ളത്. 6.53 ഇഞ്ചുള്ള ഫുൾ എച്ച്.ഡി സ്ക്രീനിൽ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത് മാത്രമല്ല, ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുള്ള ആദ്യ റിയൽമി ഫോണും എക്‌സാണ്.
ചൈനയിൽ പുറത്തിറങ്ങിയ എക്‌സിൽ നിന്നും എറെ വ്യത്യസ്തൂതകളോട് കൂടിയാകും ഫോൺ ഇന്ത്യയിൽ റിയൽമി ലഭ്യമാക്കുക.സ്നാപ്പ്ഡ്രാഗൺ 710 പ്രോസസറാണ് ഫോണിന് വേഗവും കാര്യക്ഷമതയും നൽകാനായി ഘടിപ്പിച്ചിരിക്കുന്നത്. പിറകിൽ 48 മെഗാപിക്സൽ സോണി ഐ.എംഎക്സ് സെൻസറും മുൻപിൽ, സെൽഫി ക്യാമറയിൽ സോണിയുടെ തന്നെ 16 മെഗാപിക്സൽ സെൻസറുമാണുള്ളത്. 3765 എം.എ.എച്ച് ബാറ്ററി എക്‌സിന് ഊർജം പകരും. ആൻഡ്രോയിഡ് പൈ 9 പ്ലാറ്റ്ഫോമിലാണ് എക്സ് പ്രവർത്തിക്കുക.