chandrayan

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വീണ്ടും അഭിമാനമായി ചന്ദ്രയാൻ 2 ചാന്ദ്രപര്യവേഷണ മിഷൻ നാളെ വിക്ഷേപിക്കും. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുമാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കുക. വിക്ഷേപണം കാണാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 6:51നാണ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച അതിരാവിലെ 2:51നാണ് ചന്ദ്രയാൻ 2 ചന്ദ്രനെ ലക്ഷ്യമാക്കി ഉയർന്നുപൊങ്ങുക.

ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നീ പ്ലാറ്റുഫോമുകൾ വഴി വിക്ഷേപണത്തിന്റെ ലൈവ് സ്ട്രീമിങ് ഐ.എസ്.ആർ.ഒ നടത്തും. ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും കരുത്തുറ്റ ജി.എസ്.എൽ.വി മാർക്ക് ത്രീ 'ബാഹുബലി' വിക്ഷേപണ വാഹനമാണ്(റോക്കറ്റ്) ചന്ദ്രയാൻ 2വിനെ ബഹിരാകാശത്തിൽ എത്തിക്കുക. 640 ടൺ ആണ് ഈ റോക്കറ്റിന്റെ ശേഷി.

വിക്ഷേപണം കഴിഞ്ഞ് 973.7 സെക്കന്റുകൾക്ക് ശേഷം മൂൻലാൻഡർ വിക്രമും ചാന്ദ്രവാഹനമായ പ്രാഗ്യാനും റോക്കറ്റിൽ നിന്നും വിഘടിച്ച് മാറും. 3844 ലക്ഷം കിലോമീറ്ററാണ് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. ഇത് താണ്ടാൻ ചന്ദ്രയാനിന് 54 ദിവസം വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞർ കണക്ക് കൂട്ടുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ ശേഷം പ്രഗ്യാനാണ് ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുക.

സംസ്‌കൃത വാക്കായ 'പ്രഗ്യാനി'ന്റെ അർത്ഥം 'ജ്ഞാനം' എന്നാണ്. ഇന്ത്യൻ ബഹിരാകാശ പഠനത്തിന്റെ പിതാവായ വിക്രം സാരാഭായിയോടുള്ള ബഹുമാന സൂചകമായാണ് മൂൻലാൻഡറിന് 'വിക്രം' എന്ന പേര് നൽകിയത്. വിക്ഷേപണത്തിന് സമയത്ത് വിശാഖപട്ടണത്തിലെ മൽക്കപുരം സ്‌കൂളിലെ വിദ്യാർത്ഥികളും കുട്ടികളൂം ദൗത്യത്തിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജയും നടത്തും.