സൂപ്പർ ഒാവറിലും തുല്യതയിലായതിനെത്തുടർന്ന് ബൗണ്ടറികളുടെ എണ്ണം കണക്കാക്കി ഇംഗ്ളണ്ടിന് ഫൈനൽ ജയം , കന്നി ലോകകപ്പ്
ലോഡ്സ്: ലോകകപ്പിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ ബൗണ്ടറികളുടെ എണ്ണംകൊണ്ട് ബൗണ്ടറികടത്തി ഇംഗ്ളണ്ട് കന്നിക്കിരീടത്തിൽ മുത്തമിട്ടു. 50 ഒാവറിലും പിന്നെ സൂപ്പർ ഒാവറിലും സമാസമം വന്നതിനെത്തുടർന്ന് ചരിത്രത്തിലാദ്യമായിബൗണ്ടറികളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് ലോകകപ്പ് ജേതാവിനെ നിശ്ചയിച്ചപ്പോഴാണ് ആതിഥേയരെത്തേടി കിരീടഭാഗ്യമെത്തിയത്.
ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ 242 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് അവസാന ഒാവറിലെ അവസാന പന്തിൽ സമനിലയിൽ ആൾഒൗട്ടായി. തുടർന്ന് സൂപ്പർ ഒാവറിൽ ആദ്യം ബാറ്റ്ചെയ്ത ഇംഗ്ളണ്ട് 15 റൺസടിച്ചു. ന്യൂസിലൻഡും 15 റൺസ് നേടിയതോടെ ബൗണ്ടറിക്കണക്ക് കിവികളെ ബൗണ്ടറികടത്തുകയായിരുന്നു.
മഴയുടെ ഇൗർപ്പം ബാറ്റിംഗ് ദുഷ്കരമാക്കിയ പിച്ചിൽ ടോസ് കിട്ടിയപ്പോൾത്തന്നെ ബാറ്റിംഗ് തുടങ്ങാൻ തീരുമാനിച്ച ന്യൂസിലൻഡിന് പക്ഷേ പ്രതീക്ഷിച്ചതുപോലെ വലിയൊരു സ്കോർ ഉയർത്താനായില്ല. ആദ്യ പത്തോവറിൽ അവർ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് മാത്രം. പിന്നീട് മദ്ധ്യ ഒാവറുകളിൽ റൺസ് ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ളണ്ട് തടസം സൃഷ്ടിച്ചു. ഒാപ്പണർ ഹെൻട്രി നിക്കോൾസിന്റെ (55) അർദ്ധ സെഞ്ച്വറിക്കും വിക്കറ്റ് കീപ്പർ ടോം ലതാം (47), നായകൻ കേൻ വില്യംസൺ എന്നിവരുടെ പോരാട്ടത്തിനും അവസാന ഘട്ടത്തിൽ റൺറേറ്റുയർത്തുകയെന്ന ലക്ഷ്യത്തിലേക്ക് എത്താനുമായില്ല. ഇന്ത്യയ്ക്കെതിരായ സെമിഫൈനലിന്റെ തനിയാവർത്തനമെന്ന പോലെയായിരുന്നു കിവീസിന്റെ ഫൈനലിലെ ബാറ്റിംഗും.
സെമിയിൽ ഒരു റൺസിന് പുറത്തായ മാർട്ടിൻ ഗപ്ടിൽ ഫൈനലിൽ 19 റൺസെടുത്തുവെങ്കിലും മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ഒരു ഇന്നിംഗ്സ് കാഴ്ച വയ്ക്കുന്നതിൽ ഒരിക്കൽകൂടി പരാജയപ്പെട്ടു. 18 പന്തുകളിൽ രണ്ടു ഫോറും ഒരു സിക്സുമടക്കം 19 റൺസെടുത്ത ഗപ്ടിൽ ഏഴാം ഒാവറിന്റെ ആദ്യപന്തിൽ വോക്സിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുമ്പോൾ ടീം സ്കോർ 29 ലേ എത്തിയിരുന്നുള്ളൂ.
തുടർന്ന് ക്രീസിലൊരുമിച്ച നിക്കോൾസും നായകൻ കേൻവില്യംസണും ചേർന്ന് 23-ാം ഒാവർവരെ വിക്കറ്റ് വീഴാതെ മുന്നോട്ട് നീക്കിയെങ്കിലും കൂട്ടിച്ചേർക്കാനായത് 74 റൺസ് മാത്രമാണ്.
മൂന്നാം ഒാവറിൽ ഡിസിഷ്യൻ റിവ്യൂവിലൂടെ പുറത്താകലിൽ നിന്ന് രക്ഷപ്പെട്ട റിക്കോൾസ് പിന്നീട് ക്ഷമയോടെ നിന്നാണ് കളിച്ചത്. വില്യംസണും വിക്കറ്റ് കളയാതിരിക്കാനാണ് ശ്രദ്ധിച്ചത്. 53 പന്തുകളിൽ രണ്ട് ബൗണ്ടറികൾ മാത്രം നേടിയ വില്യംസണിന്റെ വിക്കറ്റ്പോയതോടെയാണ് സഖ്യം പിരിഞ്ഞത്. പ്ളങ്കറ്റിന്റെ പന്തിൽ ബട്ട്ലർക്ക് കീപ്പർ ക്യാച്ച് നൽകിയാണ് വില്യംസൺ മടങ്ങിയത്. ഇതോടെ കിവീസ് 103/2 എന്ന നിലയിലായി.
ഒരറ്റത്ത് വിക്കറ്റുകൾ വീഴ്ത്തി നുഴഞ്ഞുകയറാനായി എന്നതാണ് വില്യംസണിന്റെ വിക്കറ്റ് ഇംഗ്ളണ്ടിന് നൽകിയ മെച്ചം. നിക്കോൾസ് അർദ്ധ സെഞ്ച്വറി തികച്ചശേഷം 27-ാം ഒാവറിൽ പ്ളങ്കറ്റിന്റെ പന്തിൽ സ്റ്റംപ് തെറിച്ച് മടങ്ങി. 77 പന്തുകൾ നേരിട്ട നിക്കോൾസ് നാല് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കിവീസ് ഇന്നിംഗ്സിലെ ടോപ് സ്കോററായത്. തുടർന്ന് റോസ് ടെയ്ലറെ (15) വുഡ് എൽ.ബിയിൽ കുരുക്കിയതോടെ 34 ഒാവറിൽ 141/4 എന്ന നിലയിൽ കിവീസിന്റെ കുതിപ്പിന് വേഗം കുറയുകയായിരുന്നു. പിന്നീട് ലതാം 56 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സും പറത്തിയതിനാലാണ് 241 ലെത്തിയത്.
മറുപടി ഇന്നിംഗ്സിൽ ആറാം ഒാവറിൽ ജാസൺ റോയ്യെ (17) പുറത്താക്കി ഹെൻട്രിയാണ് കിവികൾക്ക് ബ്രേക്ക് നൽകിയത്.തുടർന്ന് മദ്ധ്യനിരയിലെ ഉറച്ചപോരാളി ജോ റൂട്ടിനെ (7)നഷ്ടമായത് ഇംഗ്ളണ്ടിന് കനത്ത തിരിച്ചടിയായി.30 പന്തുകളിൽ നിന്നാണ് റൂട്ട് ഏഴ് റൺസ് നേടിയത്. 20-ാം ഒാവറിൽ പൊരുതിനിന്ന ബെയർസ്റ്റോയെ (36)ബൗൾഡാക്കി ഫെർഗൂസൺ ആതിഥേയർക്ക് അടുത്ത ആഘാതമേൽപ്പിച്ചു.24-ാം ഒാവറിൽ ഇയോൻ മോർഗനെ നീഷം പുറത്താക്കിയതോടെ അവർ 86/4 എന്ന നിലയിലായി. തുടർന്ന് സ്റ്റോക്സും ബട്ട്ലറും ചേർന്ന് 196 ലെത്തിച്ചു . തുടർന്ന് വോക്സ്(2), പ്ളങ്കറ്റ്(10),ആർച്ചർ(0),ആദിൽ റഷീദ് (0),മാർക്ക് വുഡ് (0) എന്നിവർ പുറത്തായെങ്കിലും ബെൻ സ്റ്റോക്സ് (84*)അവസാനപന്തുവരെ പൊരുതി സമനിലയിലെത്തിച്ചു.
50-ാം ഒാവറിൽ ജയിക്കാൻ ഒരു പന്തിൽ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഇംഗ്ളീഷ് ബാറ്റ്സ്മാൻ മാർക്ക് വുഡ് രണ്ടാം റണ്ണിനോടി റൺഒൗട്ടായത്.
സൂപ്പർ ഒാവറിലെ അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോഴാണ് കിവീസ് ബാറ്റ്സ്മാൻ ഗപ്ടിൽ രണ്ടാം റണ്ണിനോടി റൺഒൗട്ടായത്.
മാൻ ഒഫ് ദ ഫൈനൽ
ബെൻ സ്റ്റോക്സ് - പുറത്താകാതെ 84 റൺസ് നേടിയ സ്റ്റോക്സാണ് ഒരു ഘട്ടത്തിൽ അണയാൻ തുടങ്ങിയ ഇംഗ്ളീഷ് ചേസിംഗിനെ ഉൗതിക്കത്തിച്ചത്. സൂപ്പർ ഒാവറിൽ ബാറ്റിംഗിനിറങ്ങിയത് സ്റ്റോക്സും ബട്ട്ലറും ചേർന്നാണ്.
മാൻ ഒഫ് ദ സിരീസ്
കേൻ വില്യംസൺ - ഫൈനലിൽ കിവികളെ വിജയിപ്പിക്കാനായില്ലെങ്കിലും 578 റൺസാണ് ന്യൂസിലൻഡ് നായകൻ കേൻ വില്യംസൺ ഇൗ ലോക കപ്പിൽ നേടിയത്. ഇതോടെ ക്യാപ്ടൻ എന്ന നിലയിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വില്യംസൺ.
14 ഫോറുകളും 2 സിക്സുകളുമാണ് ന്യൂസിലാൻഡ് നിശ്ചിത 50ഒാവറിൽ നേടിയത്.
22 ഫോറുകളും 2 സിക്സുകളുമാണ് ഇംഗ്ളണ്ട് നിശ്ചിത 50ഒാവറിൽ നേടിയത്.
സൂപ്പർ ഒാവറിൽ ഇംഗ്ളണ്ട് ഒരു ബൗണ്ടറിയടിച്ചു, മറ്റൊന്ന് ഒാവർത്രോയിലൂടെ ലഭിച്ചു
സൂപ്പർ ഒാവറിൽ കിവീസിന് ഒരു സിക്സ് മാത്രം
കിവീസ് ഫൈനലിൽ തോൽക്കുന്നത് തുടർച്ചയായി രണ്ടാം തവണ