ബംഗളുരു: കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിക്ക് രാജി വയ്ക്കാൻ മുന്നറിയിപ്പ് നൽകി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. കർണ്ണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് നിയമസഭയിൽ ആവശ്യമുള്ള ഭൂരിപക്ഷമില്ലെന്ന് പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ കുമാരസ്വാമിയോട് 'ഉടൻ' രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസമായി ഇവിടുത്തെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ വൻ പ്രതിസന്ധിയിലാണ്. നിരവധി എം.എൽ.എമാരാണ് സഖ്യത്തിൽ നിന്നും രാജിവച്ച് ബി.ജെ.പിയുടെ ഭാഗമായത്.
'ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആളും, സത്യസന്ധനും ആണെകിൽ മുഖ്യമന്ത്രി ഉടൻ തന്നെ രാജി വയ്ക്കണം. രാജിവച്ചില്ലെങ്കിൽ അദ്ദേഹം ഉടൻ തന്നെ നിയമസഭയിൽ വിശ്വാസവോട്ട് തേടണം. നാളെ ബിസിനസ് അഡ്വൈസറി കൂടിക്കാഴ്ചയിൽ ഇക്കാര്യം ഞാൻ കുമാരസ്വാമിയുടെ അറിയിക്കും. കുമാരസ്വാമി, നിങ്ങൾക്ക് ഭൂരിപക്ഷമില്ല. അതുകൊണ്ട് വിശ്വാസവോട്ട് തേടൂ. ഇല്ലെങ്കിൽ രാജിവയ്‌ക്കൂ.' മൂന്ന് തവണ കർണാടക മുഖ്യമന്ത്രി ആയിരുന്ന യെദ്യൂരപ്പ പറഞ്ഞു.
നിയമസഭയിൽ താൻ വിശ്വാസവോട്ട് തേടുമെന്നും സ്പീക്കറോട് അതിനായി അവസരം ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. വിശ്വാസവോട്ട് ബുധനാഴ്ച നടത്താനായിരുന്നു കുമാരസ്വാമി ആലോചിച്ചിരുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ബി.ജെ.പി എത്താത്തതിനാൽ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇക്കാര്യം ഓർമ്മപ്പെടുത്തിയായിരുന്നു യെദ്യൂരപ്പയുടെ ഭീഷണി. താൻ എന്തിനും തയാറാണെന്നും അധികാരത്തിൽ കടിച്ചുതൂങ്ങുക എന്നത് തന്റെ ഉദ്ദേശമല്ലെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
18 എം.എൽ.എമാരാണ് ഇതുവരെ രാജിക്കത്ത് സ്പീക്കർക്ക് നൽകിയിരിക്കുന്നത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലുള എം.എൽ.എമാരുടെ എണ്ണം 118ൽ നിന്നും 100ലേക്ക് പോയാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. നിലവിൽ 113 ആണ് സർക്കാർ താഴെ വീഴാതിരിക്കാനുള്ള ഭൂരിപക്ഷം. ഇത് തകർക്കാനായാൽ ബി.ജെ.പിക്ക് കർണാടകത്തിൽ അധികാരത്തിലേറാൻ സാധിക്കും.