mj-

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയി ജെ.സി. ഡാനിയേൽ പുരസ്കാരം നൽകണമെന്ന് സംവിധായകൻ ഡോ. ബിജു. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഛായാഗ്രാഹകൻ ആണ് എം .ജെ .രാധാകൃഷ്ണൻ . പണം കൊണ്ടുണ്ടാക്കുന്ന കൃത്രിമ സാങ്കേതികതയുടെ ആർഭാടം അല്ല സിനിമ മറിച്ചു പ്രതിഭയുടെ ശ്രദ്ധാപൂർണ്ണമായ ഉപയോഗം ആണ് എന്ന് നിശബ്ദമായി സൗമ്യമായി ഒരു കാലഘട്ടത്തിനു മുന്നിൽ തെളിയിച്ചു കൊടുത്ത ജീവിതമായിരുന്നു എം.ജെ. രാധാകൃഷ്ണന്റേതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


മലയാളത്തിൽ ഇത്രയേറെ സംസ്ഥാന, ദേശീയ , അന്തർ ദേശീയ പ്രസിദ്ധമായ സിനിമകളിൽ ഭാഗമായ മറ്റൊരു സാങ്കേതിക പ്രവർത്തകനും ഇല്ല . ഏഴു സംസ്ഥാന പുരസ്കാരങ്ങൾ ...ആറ് അന്തർ ദേശീയ പുരസ്കാരങ്ങൾ .നൂറിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ , ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങളിൽ പലതും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ എല്ലാം പ്രദർശിപ്പിച്ചു. പത്തിലേറെ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ , ഇരുപത്തി അഞ്ചിലധികം ചിത്രങ്ങൾക്ക് ഇന്ത്യൻ പനോരമ സെലക്ഷൻ , മലയാള സിനിമയിൽ മുപ്പതിൽപരം പുതുമുഖ സംവിധായകരെ സംഭാവന ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു . കലാമൂല്യവും സംസ്കാര പൂർണ്ണവുമായ മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും മൂന്ന് പതിറ്റാണ്ടിലേറെ ഉയർത്തിപ്പിടിച്ചതിൽ എം .ജെ . രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകനുള്ള പങ്ക് വളരെ വലുതാണ് . മലയാള സിനിമ മുൻപേ തന്നെ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കേണ്ട വ്യക്തിത്വം ആയിരുന്നുഅദ്ദേഹം. എം .ജെ .രാധാകൃഷ്ണൻ ഏത് നിലയിൽ നോക്കിയാലും ഈ പുരസ്‌കാരത്തിന് അർഹൻ ആണ് . ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് അത് നൽകാൻ സാധിച്ചിട്ടില്ല . മരണാനന്തര ബഹുമതി ആയെങ്കിലും എം .ജെ രാധാകൃഷ്ണന് ജെ . സി . ഡാനിയേൽ പുരസ്കാരം നൽകേണ്ടതാണ് . അർഹതയ്ക്ക് വൈകി ആയാലും അർഹിക്കുന്ന അംഗീകാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.