ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ലണ്ടോ ന്യൂസിലാൻഡോ നേടുമെന്നതുപോലെ ആരാധകർ കാത്തിരുന്ന മറ്റൊരു കാര്യമുണ്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിന്റെ റെക്കോർഡ് ആര് തകർക്കും എന്നതായിരുന്നു ഇന്ത്യൻ ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണുമായിരുന്നു റെക്കോഡ് നേടാൻ സാദ്ധ്യതയുണ്ടായിരുന്നവർ.
2003ലെ ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസിന്റെ റെക്കോഡാണ് വില്യംസണും ജോ റൂട്ടിനും മുന്നിലുണ്ടായിരുന്നത്. 648 റൺസടിച്ച രോഹിത് ശർമ്മയുടെ ഇന്ത്യയും 647 റൺസടിച്ച ഡേവിഡ് വാർണറുടെ ഓസ്ട്രേലിയയും സെമിയിൽ പുറത്തായതിനാൽ സച്ചിന്റെ റെക്കോഡ് മറികടക്കാനുള്ള സാധ്യത ഇരുവരിലുമായിരുന്നു കണ്ടിരുന്നത്. ഫൈനലിൽ ജോ റൂട്ടിന് 125 റൺസും വില്യംസണ് 126 റൺസുമായിരുന്നു റെക്കോഡിനായി വേണ്ടിയിരുന്നത്.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനായി വില്യംസൺ 30 റൺസെടുത്ത് പുറത്തായതോടെ പിന്നീട് എല്ലാ കണ്ണുകളും ജോ റൂട്ടിലായി. റൂട്ട് ആകട്ടെ 30 പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി.
ഒമ്പത് കളികളിൽ 578 റൺസടിച്ച വില്യംസൺ ലോകകപ്പ് റൺവേട്ടയിൽ നാലാമതാണ്. 11 കളികളിൽ 556 റൺസടിച്ച ജോ റൂട്ട് അഞ്ചാം സ്ഥാനത്തുണ്ട്. 648 റൺസുമായി രോഹിത് ഒന്നാം സ്ഥാനത്തും 647 റൺസുമായി വാർണർ രണ്ടാം സ്ഥാനത്തുമാണ്. 606 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് മൂന്നാമത്. ഇന്ന് ഒരു റണ്ണെടുത്തതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസടിക്കുന്ന നായകനെന്ന റെക്കോ ഡ് വില്യംസൺ സ്വന്തമാക്കിയിരുന്നു.