വിജയവാഡ: ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അടുത്ത രണ്ടു വർഷത്തിനുള്ളിൽ ജയിലിലാകുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ദിയോദർ. അഴിമതിക്കേസിലാണ് നായിഡു അകത്ത് പോകുക എന്നും ദിയോദർ പറഞ്ഞു.ടി.ഡി .പി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി ഈ അഴിമതികളുടെ തെളിവുകൾ കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കണമെന്നും സുനിൽ ദിയോദർ ആവശ്യപ്പെട്ടു.
അഴിമതി വിരുദ്ധ ഭരണം നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയ ആന്ധ്രാ പ്രദേശിലെ ജഗൻ മോഹൻ റെഡ്ഢി സർക്കാർ ടി.ഡി.പിയുടെ കള്ളക്കളികൾ പുറത്ത് ഒണ്ടു വരണമെന്നും ദിയോദർ ആവശ്യപ്പെട്ടു.കേന്ദ്രം സംസ്ഥാനത്തിന് അയച്ചുകൊടുത്ത പണം ജനങ്ങൾക്ക് വേണ്ടിയല്ല നായിഡു സർക്കാർ ഉപയോഗപ്പെടുത്തിയതെന്നും അത് ജനങ്ങളുടെ കൈയിൽ എത്തിയിട്ടില്ലെന്നും ദിയോദർ പറഞ്ഞു. പണം എവിടേക്കാണ് പോയതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അഴിമതിയുടെ തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അയച്ചു കൊടുക്കുമെന്നും സുനിൽ ദിയോദർ വ്യക്തമാക്കി.