വെഞ്ഞാറമൂട്: പട്ടികജാതി വിഭാഗത്തിലുള്ള യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി മർദ്ദിച്ച ശേഷം ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചെന്ന് പരാതി. കല്ലുവാതുക്കൽ മുരിങ്ങൂർ സ്വദേശി ബാലകൃഷ്‌ണനാണ് (44) വട്ടപ്പാറ പൊലീസിന്റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 9ന് വട്ടപ്പാറ ജംഗഷന് സമീപം കണക്കോടാണ് സംഭവം. പൊലീസ് സ്റ്റേഷന് മുമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് വട്ടപ്പാറ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിയ ബാലകൃഷ്‌ണനെ ലാത്തി ഉപയോഗിച്ച് കൈയിലും കാലിലും മർദ്ദിക്കുകയും രഹസ്യ ഭാഗങ്ങളിൽ മുളക് പൊടി വിതറുകയും ചെയ്‌ത ശേഷം കണക്കോട് വളവിൽ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണ് പരാതി. മണിക്കൂറുകളോളം വഴിയരികിൽ കിടന്ന ഇയാളെ നാട്ടുകാർ കന്യാകുളങ്ങര ഗവ. ആശുപത്രിയിലെത്തിച്ചു. കൈയിലും കാലിലും മർദ്ദനമേറ്റ പാടുണ്ട്. ഇയാളുടെ ദേഹത്ത് മുളകുപൊടി വിതറിയിട്ടുണ്ടെന്ന് പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ പൊലീസ് ജീപ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ബഹളമുണ്ടാക്കിയതിന് ഇയാളെ പൊലീസ് സ്റ്റേഷന് മുമ്പിൽ നിന്നും പറഞ്ഞുവിടുകയായിരുന്നെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ്.ഐ പറഞ്ഞു.