ലണ്ടൻ: ആവേശം സൂപ്പറോവറോളം നീണ്ട ഫൈനലിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. മത്സരം സമനിലയിലായതിനെ തുടർന്ന് നടത്തിയ സൂപ്പർ ഓവറിലും ഇരുടീമും സമനില പാലിച്ചതിനെ തുടർന്ന് ബൗണ്ടറിയുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യൻമാരായത്. ഇംഗ്ലണ്ടിന്റെ ആദ്യ ലോകകിരീടമാണിത്. ന്യൂസിലനഡ് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്.
ഇന്നലെ ലോഡ്സിൽ നടന്ന ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടും 50 ഓറിൽ 241/10 എന്ന നിലയിൽ സമനിലപിടിച്ചതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 15 റൺസ്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ മത്സരത്തിൽ ഏറ്രവും കൂടുതൽ ഫോറടിച്ച ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. മഴ കാരണം അല്പം വൈകിയാണ് മത്സരം തുടങ്ങിയത്.