ശ്രീഹരിക്കോട്ട: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം അവസാന നിമിഷം മാറ്രിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഇന്ന് പുലർച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നിൽക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൗണ്ട്ഡൗൺ നിറുത്തിവച്ചതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
കൗണ്ട് ഡൗൺ പൂർത്തിയായി വിക്ഷേപണം നടത്തുന്നതിന് അമ്പത്തിയാറ് മിനിറ്ര് മുമ്പ് റോക്കറ്രിന്റെ മൂന്നാം സ്റ്റേജിൽ ദ്രവീകൃത ഓക്സിജനും ഹൈഡ്രജനും നിറച്ചു. ഈ ഇന്ധനം നിറച്ചാൽ അധിക നേരം വിക്ഷേപണത്തിനായി കാത്തിരിക്കാനാവില്ല.എന്നാൽ ഈ ഘട്ടത്തിൽ റോക്കറ്രിന്റെ പ്രവർത്തനത്തിൽ സാങ്കേതിക പിഴവുണ്ടെന്ന സംശയം ഉന്നയിക്കപ്പെട്ടതോടെയാണ് കൗണ്ട് ഡൗൺ നിറുത്തി വയ്ക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ വിക്ഷേപണം ഒരു ദിവസത്തേക്കോ അല്ലെങ്കിൽ അതിൽ കൂടുതലോ സമയത്തേക്ക് മാറ്രിവയ്ക്കേണ്ടി വരും. അടുത്ത വിക്ഷേപണ തിയതി പിന്നീടറിയിക്കുമെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി..
ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവനും ശാസ്ത്രജ്ഞരും ഉൾപ്പെടെ അയ്യായിരത്തോളം കാണികളും ശ്രീഹരിക്കോട്ടയിൽ സന്നിഹിതരായിരുന്നു.