tp-senkumar

തൃശൂർ: ബാലഗോകുലം 44ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻ മുൻ പൊലീസ് മേധാവിയുടെ വിവാദ പ്രസംഗം. ജനസംഖ്യാനുപാതത്തിൽ കേരളത്തിൽ ഹൈന്ദവർ കുറഞ്ഞു വരികയാണെന്നും പാർശ്വവത്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നുമാണ് മുൻ ഡി.ജി.പി ടി.പി. സെൻ കുമാർ പ്രസംഗിച്ചത്. ബാലഗോകുലം 44ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017 ലെ കണക്കനുസരിച്ച് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കൾ. ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള പരിപാടികൾക്ക് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മറ്റും ഹിന്ദുക്കളെ കൊണ്ടു വരേണ്ടി വരും.

ഹൈന്ദവരുടെ ഓർമ്മയിലേക്കായാണ് ഇക്കാര്യം താൻ ഇപ്പോൾ പറയുന്നത്. ഹിന്ദുക്കൾ കുറയുകയാണെന്ന് താൻ നേരത്തെ പ്രസ്താവിച്ചപ്പോൾ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വീണ്ടും എടുക്കുമോയെന്നറിയില്ലെന്നും സെൻകുമാർ വ്യക്തമാക്കി. കെ.പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ എന്നിവർ വിശിഷ്ടാതിഥികളായി. സി.കെ. സുരേഷ്, പി.കെ. വിജയരാഘവൻ, അമൃത ടി.വി ശ്രേഷ്ഠ ഭാരതം ജേതാക്കൾ കെ. രാഹുൽ, ഇ.എം. ആദിദേവ് എന്നിവർ പ്രസംഗിച്ചു. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തി.