ലോർഡ്‌സ്: ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോർഡ്സ് മൈതാനത്ത് സൂപ്പർ ഓവറിലേക്കും നീണ്ട ആവേശത്തിനൊടുവിൽ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാർക്ക് രാജ കിരീടം. മാന്യമായ പെരുമാറ്റം കൊണ്ട് എതിർ ടീമിലെ ആരാധകരെപ്പോലും കൂടെനിറുത്താൻ കഴിഞ്ഞ കെയിൻ വില്യംസണും സംഘവും മടങ്ങുന്നത് രണ്ടാം തവണയും കലാശപ്പോരാട്ടത്തിൽ കപ്പ് കൈവിട്ടതിന്റെ നിരാശയിലാണ്. സൂപ്പർ ഓവറിലും ഇരുടീമുകളും സമനിലപാലിച്ചതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചത്. അവസാന പന്ത് വരെ നീണ്ട മത്സരത്തിന്റെ ആവേശനിമിഷങ്ങൾ ഇങ്ങനെ....
അവസാന ഓവർ
ട്രെൻഡ് ബൗൾട്ടെറിഞ്ഞ അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജിയക്കാൻ 15 റൺസാണ് വേണ്ടിയിരുന്നത്. സ്റ്രോക്സും ആദിൽ റഷീദുമായിരുന്നു ക്രീസിൽ
ആദ്യ പന്ത് യോർക്കർ. സ്റ്റോക്സിന് റൺസെടുക്കാനായില്ല.
രണ്ടാം പന്തിലും യോർക്കറിനായുള്ള ശ്രമം, റൺസില്ല.
മൂന്നാം പന്തിൽ മിഡ് വിക്കറ്റിന് മുകളിലൂടെ സ്റ്റോക്സ് സിക്സർ പറത്തി.
നാലാം പന്തിലും ഓവർത്രോയുടെ സഹായത്തോടെ ഇംഗ്ലണ്ടിന് ആറ് റൺസ്. ബൗൾട്ടെറിഞ്ഞ ഫുൾടോസ് ബാൾ മിഡ് വിക്കറ്റിലേക്കടിച്ച് സ്റ്റോക്സും ആദിലും രണ്ടാം റൺസിനായി ഓടുന്നു. മിഡ്‌വിക്കറ്റിൽ നിന്ന് ഗപ്ടിൽ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്‌റ്രോക്സിന്റെ ബാറ്റിൽക്കൊണ്ട് ബൗണ്ടറി കടന്നു. ഓടിയെടുത്ത രണ്ടും ഓവർത്രോയിലൂടെക്കിട്ടിയ ബൗണ്ടറിയും കൂട്ടിയാണ് ഇംഗ്ലണ്ടിന് ആറ് റൺസ് കിട്ടിയത്.
അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ ആദിൽ റണ്ണൗട്ടായി. ഇംഗ്ലണ്ടിന്റെ അക്കൗണ്ടിൽ ഒരു റൺസ് കൂടി.
ആദിലിന് പകരം മാർക് വുഡ് ക്രീസിലെത്തി. അവസാന പന്തിൽ ജയിക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് രണ്ട് റൺസ്. പന്ത് നേരിട്ട സ്റ്റോക്സിന്റെ ഷോട്ട് ലോംഗ് ഓണിലേക്ക്. ഇംഗ്ലണ്ട് രണ്ടാം റൺസിന് ശ്രമിക്കുന്നതിനിടെ നീഷം എറിഞ്ഞ ത്രോ പിടിച്ചെടുത്ത് ബൗൾട്ട് വുഡിനെ റണ്ണൗട്ടാക്കിയതോടെ മത്സരം സമനിലയിലായി.
സൂപ്പർ ഓവർ
സൂപ്പർ ഓവറിൽ ആദ്യം ബാറ്രിംഗിനിറങ്ങിയത് ഇംഗ്ലണ്ട്. സ്റ്റോക്‌സും ബട്ട്‌ലറുമാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗിനെത്തിയത്. ബൗൾട്ടാണ് ന്യൂസിലൻഡിന്റെ സൂപ്പർ ഓവർ എറിഞ്ഞത്.
ആദ്യ പന്തിൽ സ്റ്റോക്‌സും ബട്ട്‌ലറും കൂടി മൂന്ന് റൺസ് ഓടിയെടുത്തു. രണ്ടാം പന്തിൽ ബട്ട്‌ലർ സിംഗിളെടുത്തു.മൂന്നാം പന്തിൽ സ്റ്റോക്‌സിന്റെ തകർപ്പൻ ഷോട്ട് ബൗണ്ടറി കടന്നു.
നാലാം പന്തിലും ഒരു റൺസ്. അഞ്ചാം പന്തിലും ബട്ട്‌ലർ രണ്ട് റൺസ് നേടി.
ആറാം പന്തിൽ ബട്ട്‌ലർ ഡീപ് സ്‌ക്വയർ ലെഗ്ഗിൽ ബൗണ്ടറി നേടി. ഇംഗ്ലണ്ട് 15/0
ഇംഗ്ലണ്ടിനായി നീഷമും ഗപ്ടിലുമാണ് സൂപ്പർ ഓവറിൽ ബാറ്രിംഗിനെത്തിയത്.
ആർച്ചറായിരുന്നു ബൗളർ
ആദ്യ പന്ത് വൈഡ്, അധികമായി കിട്ടിയ പന്തിൽ നീഷം രണ്ട് റൺസ് നേടി.
രണ്ടാം പന്തിൽ ന്യൂസിലൻഡിന് പ്രതീക്ഷ നൽകി നീഷം ഡീപ് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്‌സ് നേടുന്നു.
മൂന്നാം പന്തിൽ നീഷം രണ്ട് റൺസ് നേടി.
നാലാം പന്തിൽ വീണ്ടും രണ്ട് റൺസ്.അഞ്ചാം പന്തിൽ സിംഗിൾ.
അവസാന പന്തിൽ ജയിക്കാൻ ന്യൂസിലൻഡിന് വേണ്ടത് രണ്ട് റൺസ്. പന്ത് നേരിട്ട ഗപ്ടിൽ മിഡ്‌വിക്കറ്റിലേക്ക് അടിച്ചു.ഒരു റൺസ് പൂർത്തിയാക്കിയ ശേഷം രണ്ടാം റൺസിനായുള്ള ശ്രമത്തിനിടെ ഗപ്ടിൽ റൺ ഔട്ടാവുകയായിരുന്നു.
ബൗണ്ടറികളുടെ എണ്ണത്തിൽ വിജയി
സൂപ്പർ ഓവറും സമനിലയിൽ കലാശിച്ചതോടെ മത്സരത്തിലെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിച്ചു. സൂപ്പർ ഓവറിലേക്ക് നീണ്ട ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനൊടുവിൽ ഇംഗ്ളണ്ടിന് കന്നിക്കിരീടം. ലോകകപ്പ് കിരീടം നേടുന്ന ആറാമത്തെ ടീമാണ് ഇംഗ്ലണ്ട്.ഇതോടെ തുടർച്ചയായ രണ്ടാം തവണയും കിവികൾ കലാശപ്പോരാട്ടത്തിൽ തോറ്റ് പുറത്തായി.