university-college-incide

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്‌തു.ഇന്ന് രാവിലെ കൂടിയ കോളേജ് കൗൺസിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്,​ നസീം.എ.എൻ,​ അമർ.എ.ആർ,​ അദ്വൈത് മണികണ്‌ഠൻ,​ ആദിൽ മുഹമ്മദ്,​ ആരോമൽ.എസ്.നായർ,​ മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് സസ്പെൻഡ‌് ചെയ്‌തത്. ഈ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ കോളേജിൽ പ്രവേശിക്കാൻ പാടില്ലെന്നും ഇവർക്ക് അനുവദിച്ച തിരിച്ചറിയൽ കാർഡ് അസാധുവാക്കിയതായും ഉത്തരവിൽ പറയുന്നു. കോളേജിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതിനിടെ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചു. മറ്റ് കാര്യങ്ങൾ അറിയാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം,​​​ ​ അഖിൽചന്ദ്രനെ കുത്തിയ കേസിലെ ഒന്നുംരണ്ടും പ്രതികളായ ആർ. ശിവരഞ്ജിത്ത്, എ.എൻ. നസീം എന്നിവരുൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് പുലർച്ചെ രണ്ടരയോടെ കേശവദാസപുരത്ത് നിന്നാണ് പിടികൂടിയത്. മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമൽ,​ ഏഴാം പ്രതി ആദിൽ എന്നിവരെ ഇന്നലെ വൈകിട്ട് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെ ഇന്നലെ നടന്ന പരിശോധനയിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

അതിനിടെ,​ പ്രതിപ്പട്ടികയിലില്ലാത്ത എസ്.എഫ്.ഐ പ്രവർത്തകൻ ഇജാബിനെ നേമത്തെ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തതിൽ ഉൾപ്പെട്ടയാളാണ് ഇജാബ്. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും കുത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നാണ് ഇജാബിന്റെ മൊഴി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യിൽ കത്തിയുണ്ടായിരുന്നെന്നും ഇജാബ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. പിടിയിലായ മറ്റുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

അതേസമയം കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാൻ ഇന്നലെയും പൊലീസിനു കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മണിയോടെ കന്റോൺമെന്റ് സി.ഐ അനിൽകുമാറും സംഘവും ആശുപത്രിയിൽ എത്തിയെങ്കിലും അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ മൊഴിയെടുക്കാൻ ഡോക്ടർമാർ അനുവദിച്ചില്ല. രണ്ടു ദിവസത്തിനകം മൊഴിയെടുക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.