cow-death

അലഹബാദ്: ഉത്തർപ്രദേശിൽ പശുക്കളുടെ കൂട്ടമരണം റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോപാകുലനായ യോഗി ആദിത്യനാഥ് വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസർ, അയോധ്യ മുൻസിപ്പാലിറ്റി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ, ഡപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസർ, മിർസപുർ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസർ ഡോ.എ.കെ സിംഗ്, നഗർ പാലിക എക്‌സിക്യൂട്ടീവ് ഓഫീസർ മുകേഷ് കുമാർ, മുൻസിപ്പാലിറ്റി സിറ്റി എഞ്ചിനിയർ രാംജി ഉപാദ്ധ്യായ് എന്നിവർക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെയാണ് നടപടി.


സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റുൾപ്പെടെ മൂന്ന്‌പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രയാഗ് രാജ് കമ്മീഷണറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ക്രിമിനൽ കേസ് ചുമത്തുമെന്ന മുന്നറിയിപ്പും നൽകി.

'പശുക്കൾക്ക് വൈദ്യസഹായം നൽകുന്നതും, കാലിത്തീറ്റ ഒരുക്കുന്നതും, തൊഴുത്തുകൾ ഉണ്ടാക്കുന്നതുമൊക്കം സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണ്'-യോഗി ആദിത്യനാഥ് പറഞ്ഞു. ജൂലായ് 12ന് പ്രയാഗ് രാജിലെ തൊഴുത്തിൽ 35 പശുക്കളും അയോധ്യയിലെ ഒരു തൊഴുത്തിൽ 50 പശുക്കളും ചത്തിരുന്നു.