മലയാളസിനിമയുടെ അമ്പിളിക്കല എന്നു തന്നെ വിശേഷിപ്പിക്കണം ജഗതി ശ്രീകുമാറിനെ. പതിറ്റാണ്ടുകളോളം അഭിനയവിഹായസിൽ ജ്വലിച്ചു നിൽക്കവെയാണ് വിധി ആ മഹാനടനെ ചായക്കൂട്ടുകളിൽ നിന്ന് അകറ്റി നിർത്തിയത്. മലയാളസിനിമയിൽ ജഗതി സൃഷ്‌ടിച്ച വിടവ്, നികത്താൻ കഴിയാത്ത വിധത്തിൽ തുടരുകയാണ്. ഇപ്പോഴിറങ്ങുന്ന പല സിനിമകളിലും ജഗതിയ്‌ക്ക് പകരക്കാരായി വരുന്നവർ ജഗതിയെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിഴലാട്ടമായി മാത്രം അത് മാറുകയാണ്.
ജഗതി ചേട്ടൻ സജീവമായിരുന്നെങ്കിൽ തനിക്ക് പകരം അദ്ദേഹത്തെയല്ലേ നിങ്ങൾ കൊണ്ടുവരൂവെന്ന് ഒരു സംവിധായകനോട് താൻ ചോദിച്ചുവെന്ന് പറയുകയാണ് നടൻ സിദ്ദിഖ്. താൻ അഭിനയിച്ച വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ച് കൗമുദി ടിവിയോട് സംസാരിക്കവെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്.
സിദ്ദിഖിന്റെ വാക്കുകൾ-
'അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ എനിക്ക് ഒരുപാട് നല്ല പേരുണ്ടാക്കിയ തന്ന സിനിമയാണ് 'കോടതി സമക്ഷം ബാലൻ വക്കീൽ'. അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാൻ സിനിമയുടെ ഡയറക്‌ടർ ബി.ഉണ്ണികൃഷ്‌ണനോട് ചോദിച്ചു, അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കിൽ നമ്മൾ അമ്പിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ. അപ്പോൾ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്പിളി ചേട്ടൻ സജീവമായിരുന്നെങ്കിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ'.
ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസൻ ഇടവനക്കാട് സംവിധാനം ചെയ്‌ത ശുഭരാത്രിയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അനു സിത്താര, നാദിർഷ, സായ്കുമാർ, നെടുമുടി വേണു, ശാന്തികൃഷ്ണ, ആശാ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സുധി കോപ്പ, അശോകൻ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.