bjp-mla-daughter-and-husb

ബറേലി: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് പിതാവിൽ നിന്ന് ഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി എം.എൽ.എയുടെ മകളെയും ഭർത്താവിനെയും തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ബിതാരി ചെയിൻപൂർ എം.എൽ.എയായ രാജേഷ് മിശ്രയുടെ മകൾ സാക്ഷിയേയും മരുമകൻ അജിതേഷ്കുമാറിനെയുമാണ് തോക്ക് ചൂണ്ടി അജ്ഞാത സംഘം കാറിൽക്കയറ്റിക്കൊണ്ടുപോയത്. ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിക്ക് സമീപമാണ് സംഭവം.

താൻ ദളിത് യുവാവിനെ വിവാഹം ചെയ്തതിനാൽ പിതാവിൽ നിന്ന് വധഭീഷണിയുണ്ടെന്നും തനിക്കോ അജിതേഷിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ അച്ഛനും സഹായികളായ ഭർത്തോൾ, രാജീവ് റാണ എന്നിവരാണെന്നും ഈ മാസം 10ന് ഫേസ്ബുക്ക് വീഡിയോയിലൂടെ സാക്ഷി പറഞ്ഞിരുന്നു.

ആഗ്ര ജില്ലയിൽ രജിസ്ട്ര‌ർ ചെയ്ത എസ്‌യുവി കാറിലെത്തിയ സംഘമാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയത്. അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സാക്ഷിയുടേയും അജിതേഷിന്റെയും വിവാഹത്തിനുവേണ്ട സഹായം ചെയ്തുകൊടുത്ത ഒരു സുഹൃത്ത് കഴിഞ്ഞവർഷം ര‌ജിസ്ട്രർ ചെയ്ത ഒരു കേസിൽ അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

ഈ സുഹൃത്ത് സാക്ഷിയുടെ പിതാവിന്റെ അടുത്ത സഹായിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം താൻ മകളുടെ വിവാഹത്തെ എതിർത്തിട്ടില്ലെന്നും സാക്ഷിയും ഭർത്താവും തമ്മിൽ ഒമ്പത് വയസിന്റെ വ്യത്യാസമുണ്ടെന്നും അജിതേഷിന് വരുമാനം കുറവാണെന്നും ഇതിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നുമാണ് രാജേഷ് മിശ്രയുടെ പ്രതികരണം. മകളെ ഉപദ്രവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഇരുവരെയും കണ്ടെത്താനായി പാർട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും രാജേഷ് മിശ്ര കൂട്ടിച്ചേർത്തു.