sfi

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പുരോഗമന സംഘടനയെന്ന് അവകാശപ്പെടുമ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ച അനിഷ്ട സംഭവങ്ങളിൽ എസ്.എഫ്.ഐയുടെ കണ്ണ്തുറക്കുന്നു. സ്വന്തം പ്രവർത്തകനെ തന്നെ യൂണിറ്റ് പ്രസിഡന്റ് കുത്തിക്കൊല്ലാൻ ശ്രമിച്ചു എന്ന പേരുദോഷം അടുത്തൊന്നും സംഘടനയെ വിട്ടുപോകില്ല. എന്നാൽ ഇതിലും വലുതായി സംഘടനയ്ക്ക് ചീത്തപ്പേരായത് യൂണിവേഴ്സിറ്റി കോളേജിൽ സംഘടനാ നേതാക്കൾ സ്വീകരിച്ചു പോന്നിരുന്ന പ്രാകൃത നടപടികൾ പുറംലോകം ചർച്ച ചെയ്യുന്നതാണ്. സ്വാതന്ത്ര്യം കൊടിയിൽ മാത്രം ആലേഖനം ചെയ്ത് കോളേജ് കാമ്പസിൽ മരച്ചുവട്ടിൽ പോലും വിദ്യാർത്ഥികൾക്ക് ഒത്തുകൂടാനുള്ള അനുവാദം എസ്.എഫ്.ഐ നേതാക്കൾ അനുവദിച്ചിരുന്നില്ലെന്ന് ചാനലുകൾക്ക് മുൻപിൽ വിളിച്ചു പറഞ്ഞത് പെൺകുട്ടികളടക്കമാണ്. ഏറെ നാളായി അടക്കി വച്ചിരുന്ന രോഷം പ്രകടിപ്പിക്കുവാനുള്ള അവസരമായിട്ടാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ കലാലയത്തിലെ സംഘർഷത്തെ കണ്ടത്. യൂണിറ്റ് മുറി വളഞ്ഞ് നേതാക്കളെ കായികമായി കൈയ്യേറ്റം ചെയ്യാൻ പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ ഒത്തുകൂടിയത് എസ്.എഫ്.ഐ നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ പ്രതിഷേധത്തിന്റെ ആഴം ശരിക്കും അറിഞ്ഞു കൊണ്ടുതന്നെയാണ് തിരുത്തൽ നടപടികൾക്ക് എസ്.എഫ്.ഐ രൂപം കൊടുക്കുന്നത്. തലസ്ഥാനത്തെ ചെങ്കോട്ടയിൽ എസ്.എഫ്.ഐ വീഴ്ചയുടെ അവസരം മുതലാക്കി കോളേജിൽ യൂണിറ്റ് ആരംഭിക്കുമെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന് അവസരം ഒരുക്കുന്നതിന് മുൻപ് തന്നെ ഇടഞ്ഞു നിൽക്കുന്ന വിദ്യാർത്ഥികളുടെ പിന്തുണ ആർജ്ജിക്കുവാൻ കൂടുതൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി എസ്.എഫ്.ഐ പുതിയ യൂണിറ്റ് തുടങ്ങാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. കോളേജിൽ പഠനം ആരംഭിച്ചാൽ ഉടൻ പുതിയ യൂണിറ്റ് നിലവിൽ വരും. പുതിയ യൂണിറ്റുകളിലടക്കം നേതാക്കളെ തിരഞ്ഞെടുക്കുന്നത് മുൻകാല പ്രവർത്തനങ്ങൾ പരിഗണിച്ചാവും. നാട്ടിൽ പലപാർട്ടിയിലും പ്രവർത്തിക്കുന്നവർ കോളേജിൽ എത്തിയാൽ എസ്എഫ്‌ഐയുടെ അംഗത്വം എടുക്കുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കി സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെടുന്നു. ഇത്തരം നുഴഞ്ഞ് കയറ്റക്കാരെ ഒഴിവാക്കി വിദ്യാർത്ഥികളുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും പുതിയ യൂണിറ്റ് രൂപവത്കരിക്കുന്നത്.