police

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അഖിൽ രാമചന്ദ്രനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആർ. ശിവരഞ്ജിത്താണെന്നതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഇയാളുടെ കയ്യിൽ കത്തികൊണ്ട് മുറിഞ്ഞ പാട് കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

കൂടാതെ നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കൈകളിൽ രക്തം കണ്ടിരുന്നെന്ന് കേസിലെ മറ്റ് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചിരുന്നു. മറ്റ് കാര്യങ്ങൾ അറിയാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്.ഐ.ആറിലുമുള്ളത്. നസീം പിടിച്ചുവച്ചുവെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും അഖിൽ ഡോക്ടറോട് പറഞ്ഞിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്‌തു. ഇന്ന് രാവിലെ കൂടിയ കോളേജ് കൗൺസിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്,​ നസീം.എ.എൻ,​ അമർ.എ.ആർ,​ അദ്വൈത് മണികണ്‌ഠൻ,​ ആദിൽ മുഹമ്മദ്,​ ആരോമൽ.എസ്.നായർ,​ മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് സസ്പെൻഡ‌് ചെയ്‌തത്.

ഈ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ കോളേജിൽ പ്രവേശിക്കാൻ പാടില്ലെന്നും ഇവർക്ക് അനുവദിച്ച തിരിച്ചറിയൽ കാർഡ് അസാധുവാക്കിയതായും ഉത്തരവിൽ പറയുന്നു. കോളേജിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.