കൊച്ചി : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങിൽ പ്രതിരോധത്തിലായ എസ്.എഫ്.ഐയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ. സംഘടനയിലെ നേതാക്കളുടെ മാനസിക പീഡനം മൂലമുള്ള സമ്മർദം താങ്ങാനാവുന്നില്ലെന്ന് കാട്ടി കളമശേരി ഗവ.പോളിടെക്നിക് കോളേജിലെ അദ്ധ്യാപിക പരാതി നൽകി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിലാണ് അദ്ധ്യാപികയായ ലിസി ജോസഫ് പരാതി നൽകിയത്. പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ കൺവീനർ കൂടിയാണ് ലിസി ജോസഫ്. ആൺ അദ്ധ്യാപകർ ഈ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ പ്രിൻസിപ്പാളിന്റെ നിർദ്ദേശപ്രകാരമാണ് ലിസി ജോസഫ് ചുമതല ഏറ്റെടുത്തത്. മികച്ച രീതിയിൽ ഹോസ്റ്റലിലെ കാര്യങ്ങൾ ഒരു വർഷത്തോളം കൊണ്ടു പോയതിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളുമായി ഇടയുകയായിരുന്നു.കോളേജിൽ പഠനം കഴിഞ്ഞ് പോയവർ ഇവിടെ പ്രവേശിക്കുന്നത് വിലക്കിയതിന്റെ പേരിലാണ് അദ്ധ്യാപികയെ അപമാനിക്കുന്ന തരത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അദ്ധ്യാപികയ്‌ക്കെതിരെ ഒരു വിദ്യാർത്ഥി പ്രിൻസിപ്പാളിന് പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ഹോസ്റ്റലിലെ കുട്ടികളാരും അധ്യാപികയെ കുറ്റപ്പെടുത്തിയിരുന്നില്ല.
അസുഖബാധിതനായ ഭർത്താവിനൊപ്പം ക്യാംപസിൽ താമസിച്ചാണ് അദ്ധ്യാപിക ഹോസ്റ്റലിന്റെ ചുമതല കൂടി നോക്കിയിരുന്നത്. അനധികൃത നടപടികൾ വിലക്കിയതാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമെന്നും പരാതിയിൽ അദ്ധ്യാപിക വെളിപ്പെടുത്തുന്നു.