news

1. യൂണിവേഴ്സിറ്റി കോളേജ് വധ ശ്രമക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു എന്ന് കന്റോണ്‍മെന്റ് പൊലീസ്. അഖിലിനെ കുത്തിയതായി ശിവരഞ്ജിത്ത് പറഞ്ഞു. പ്രതികളായ ആറ് പേരെയും അനിശ്ചിത കാലത്തേക്ക് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, പ്രതിയുടെ വീട്ടില്‍ പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും അന്വേഷണ ചുമതല നല്‍കി.
2. ഓരോ സെന്ററുകള്‍ക്കും, മുന്‍കൂട്ടി എത്ര പരീക്ഷ പേപ്പറുകള്‍ നല്‍കി എന്നതിനെ കുറിച്ചും ഓരോ കോളേജിനും നല്‍കിയ ഉത്തര കടലാസുകളെ കുറിച്ചും അന്വേഷണം നടത്തും എന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകളും എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലുമാണ് പൊലീസ് കണ്ടെടുത്തത്.
3. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നിസാമും ഇന്ന് പുലര്‍ച്ചെ പൊലീസ് പിടിയിലായി. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇന്നലെ ശിവരഞ്ജിത്ത്, നസിം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. തിരുവനന്തപുരം ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് വച്ചാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്.അതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആയുധവും ആയെത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
4. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നും ബിനോയിയും ആയുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടി ഉണ്ടെന്നുമാണ് യുവതിയുടെ പരാതി.


5. കഴിഞ്ഞതവണ ഹാജരായപ്പോള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ബിനോയ് സമ്മതം അറിയിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുമെന്നാണ് വിവരം. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ഡിണ്ടോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
6. കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി എന്ന് വിമതര്‍ പ്രഖ്യാപിച്ചതോടെ സഖ്യസര്‍ക്കാ വീഴും എന്ന് ഉറപ്പായി. മുംബയിലെ ഹോട്ടലില്‍ കഴിയുന്ന 15 വിമത എം.എല്‍.എമാരാണ് തങ്ങള്‍ക്ക് സുരക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും മുംബയ് പൊലീസിനെ സമീപിച്ചത്. നിര്‍ണായക നീക്കം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്, കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവര്‍ ഹോട്ടലില്‍ എത്തി ഇന്ന് വിമതരുമായി ചര്‍ച്ച നടത്താനിരിക്കെ
7. രാജി പിന്‍വലിച്ച് തിരിച്ചെത്തും എന്ന് അറിയിച്ചിരുന്ന എം.ടി.ബി നാഗരാജ് ഇന്നലെ മുംബയ്ക്ക് പോയതോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരിങ്ങലിലായി. നിയമസഭയില്‍ വിശ്വാസ വോട്ട് ജയിക്കാം എന്ന കുമാരസ്വാമി സര്‍ക്കാരിന്റെ പ്രതീക്ഷ ഇതോടെ വീണ്ടും ത്രിശങ്കുവിലാക്കി. വിമത കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാന്‍ ഇരിക്കെ ആണ് വിമതരുടെ നീക്കം
8. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു. അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പേടകം വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുന്‍കരുതലിന്റെ ഭാഗമായി വിക്ഷേപണം മാറ്റിവയ്ക്കുക ആണെന്നും പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്
9. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 2.51 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. 2.51 ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിറുത്തി വയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടറോട് നിര്‍ദേശിക്കുക ആയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം കാണാന്‍ എത്തിയിരുന്നു
10. കഴിഞ്ഞ ജനുവരിയില്‍ വിക്ഷേപണം നടത്താനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നതെങ്കിലും അവസാനവട്ട പരീക്ഷണങ്ങളില്‍ കൂടുതല്‍ കൃത്യത വേണമെന്നു വിലയിരുത്തി ഇത് നീട്ടുകയായിരുന്നു. പിന്നീട് ഏപ്രിലില്‍ വിക്ഷേപണം തീരുമാനിച്ചെങ്കിലും ലാന്‍ഡറില്‍ ചെറിയ തകരാറു കണ്ടെത്തിയതോടെ ഇതും മാറ്റിവച്ചു. ഏറ്റവുമൊടുവില്‍ ജൂലായ് 15ന് വിക്ഷേപണം നടത്തി സെപ്തംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാന്‍ സാധിക്കും വിധമായിരുന്നു ഐ.എസ്.ആര്‍.ഒ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇനി സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിച്ച് അനുയോജ്യമായ ദിവസം കണ്ടെത്തി വിക്ഷേപണം നടത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍