ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയുടെ വിധി. ചിലി – കാനഡ സംയുക്ത സംരംഭമായ ഖനന കമ്പനിക്ക് അകാരണമായി കരാർ നിഷേധിച്ച കേസിൽ നഷ്ടപരിഹാരവും പലിശയുമായി 597.6 കോടി യു.എസ് ഡോളർ (ഏകദേശം 40894 കോടി രൂപ) നൽകാനാണ് വിധി. ഇത്തരം കേസുകളിൽ ഒരു രാജ്യത്തിന് ഇത്രയും വലിയ തുകയുടെ നഷ്‌ടപരിഹാരം വിധിക്കുന്നത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്.
ബലൂചിസ്ഥാൻ സർക്കാർ തങ്ങളുടെ ഖനന അനുമതി നിഷേധിച്ചതായി കാട്ടി 2012ലാണ് ലോകബാങ്കിന് കീഴിലുള്ള ആർബിട്രേഷൻ കോടതിയെ ടെത്യാൻ കോപ്പർ കമ്പനി സമീപിക്കുന്നത്. പരാതിയിൽ വാദം കേട്ട കോടതി നഷ്‌ടപരിഹാര ഇനത്തിൽ 4.08 ബില്യൻ യു.എസ് ഡോളറും പലിശ ഇനത്തിൽ 1.87 ബില്യൻ യു.എസ് ഡോളറും പിഴ വിധിക്കുകയായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുണ്ടെന്ന് കരുതുന്ന ബലൂചിസ്ഥാനിലെ റേക്കോ ദിഖ് എന്ന സ്ഥലത്ത് ഖനനം തുടങ്ങാനായി ടെത്യാൻ കോപ്പർ കമ്പനി പ്രാരംഭ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ ഖനനത്തിനുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായ ശേഷം സർക്കാർ അനുമതി പിൻവലിക്കുകയായിരുന്നു എന്നാണ് കമ്പനിയുടെ ആരോപണം. കമ്പനിയുമായി ഉണ്ടാക്കിയ കരാർ രാജ്യത്തെ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി 2013ൽ പാക് സുപ്രീം കോടതി കരാർ ഔദ്യോഗികമായി റദ്ദാക്കി. ഇതോടെ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ഇതിനോടകം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് കോടതിയുടെ വിധിയെന്നാണ് വിലയിരുത്തൽ. ഭീകരർക്ക് സഹായം നൽകുന്നുവെന്ന് കണ്ടെത്തിയതോടെ അടുത്തിടെ അമേരിക്ക പാകിസ്ഥാന് നൽകിവന്ന സഹായമെല്ലാം പിൻവലിച്ചിരുന്നു. എന്നാൽ സൗഹൃദ രാജ്യങ്ങളായ ചൈന സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നും പാകിസ്ഥാന് യഥേഷ്‌ടം സാമ്പത്തിക സഹായം ലഭിക്കുന്നുമുണ്ട്. അതിനിടെ കോടതിയിൽ നിന്നും ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ചതായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിട്ടുണ്ട്.