ലോകത്തിലെ രണ്ട് പ്രബല ശക്തികളായ റഷ്യയും അമേരിക്കയും തമ്മിലുള്ള പടലപ്പിണക്കങ്ങൾ തുടങ്ങിയിട്ട് കാലമേറെയായി. പ്രതിരോധ രംഗത്ത് നിന്നും തുടങ്ങി വിവിധ ഗവേഷണ കാര്യങ്ങളിലും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിലേക്കും വരെ ഇരുകൂട്ടരും തമ്മിൽ കടുത്ത മത്സരത്തിലാണ്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഒരൽപ്പം പിന്നിലായ റഷ്യ ഇപ്പോൾ അമേരിക്കയെ കവച്ചുവയ്‌ക്കുന്ന നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്. ഇത് ഇരുരാജ്യങ്ങളിലെയും പരമോന്നത നേതാക്കൾ സഞ്ചരിക്കുന്ന വാഹനത്തിൽ വരെ എത്തിനിൽക്കുന്നു. മുൻ പ്രസിഡന്റ് ഒബാമയുടെ കാലത്തുണ്ടായിരുന്ന ഔദ്യോഗിക വാഹനത്തിന് പകരം അടുത്തിടെയാണ് ഡൊണാൾഡ് ട്രംപിന് പുതിയ കാഡിലാക് ലഭിക്കുന്നത്. ട്രംപിന് പുതിയ വണ്ടി വന്നാൽ എന്തായാലും റഷ്യയുടെ പ്രസിഡന്റിനും വേണ്ടേ ഒന്ന്. റഷ്യയും ഇറക്കി സ്വന്തമായി ഒരെണ്ണം, കർത്തേഷ്. എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കാത്ത ഇരുവാഹനങ്ങളുടെയും വിശേഷങ്ങൾ അറിയാം.
ട്രംപിന്റെ ചെകുത്താൻ
ജനറൽ മോട്ടോഴ്സ് പുറത്തിറക്കുന്ന കാഡിലാക് സി ടി 16ന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന അത്യാധുനിക കാറാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. 2015ൽ ഒബാമ കാലത്ത് ഉപയോഗിച്ചിരുന്ന കാഡിലാക് ഡി.ടി.എസിന്റെ പരിഷ്‌ക്കരിച്ച മാതൃകയാണ് ഇപ്പോഴത്തേത്. ജനറൽ മോട്ടോഴ്സിന്റെ മീഡിയം ഡ്യൂട്ടി ട്രെക്കിന്റെ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പ്രസിഡന്റിന്റെ അതേ ഗ്ലൂപ്പിലുള്ള ബ്ലഡ്, രാസായുധ ആക്രമണം തടയാൻ ഓക്‌സിജൻ മാസ്‌കുകൾ തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. ബാലിസ്‌റ്റിക്, ഐ.ഇ.ഡി സ്‌ഫോടനങ്ങളെ തടയാൻ പാകത്തിലാണ് നിർമാണം. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്താൻ കമ്പനിയും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയും തയ്യാറായിട്ടില്ല.
പ്രസിഡന്റ് വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോഴും ഇതേ വാഹനം തന്നെയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വിവിധയിടങ്ങളിലായി പ്രസിഡന്റിനൊപ്പം പറന്ന് നടക്കാൻ സ്വന്തമായി വിമാനവും കാഡിലാക് വണ്ണിനുണ്ട്. അമേരിക്കൻ കമ്പനിയായ ബോയിംഗ് നിർമിക്കുന്ന സി.17 ഗ്ലോബ്മാസ്‌റ്റർ വിമാനത്തിലാണ് ബീറ്റ്‌സിനെയും പകരക്കാരനായി സമാന മോഡലിലുള്ള മറ്റൊരു വാഹനത്തെയും ഷെവർലെ സബർബനെയും കൊണ്ടുപോകുന്നത്. റോഡ് റണ്ണർ എന്നറിയപ്പെടുന്ന ഷെവർലെ സബർബനിലും ചിലപ്പോൾ പ്രസിഡന്റ് യാത്ര ചെയ്യാറുണ്ട്. അമേരിക്കയുടെ സൈനിക ഉപഗ്രഹവുമായി നേരിട്ട് ബന്ധമുള്ള വാഹനം റോഡിലെ കമ്മ്യൂണിക്കേഷൻ വാഹനം എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന എല്ലാ വിധ ഉപകരണങ്ങളും ഉണ്ടാകും. ഏഴ് യാത്രക്കാരെ വഹിക്കാൻ കഴിയുന്ന വാഹനത്തിൽ എപ്പോഴും പ്രസിഡന്റിന്റെ സീക്രട്ട് സർവീസ് പ്രൊട്ടക്ടീവ് ഏജന്റുമുണ്ടാകും.
പെട്ടെന്ന് തീപിടിക്കാത്തതിനാൽ ഡീസൽ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.ടയർ പൊട്ടിയാലും ഓടിച്ച് രക്ഷപ്പെടാൻ കഴിയുന്ന തരം സ്‌റ്റീൽ റിമ്മുകളാണ് ടയറിൽ. പഞ്ചറാകാത്ത ടയറുകളാണിവ. ഒരു സ്‌കൂൾ ബസിന്റെ വലിപ്പമുണ്ടെങ്കിലും ഒരു സ്‌പോർട്സ് കാറിന്റെ പെർഫോമൻസ് നടത്താൻ കഴിയുന്നവയാണ് ബീറ്റ്‌സ്. 180 ഡിഗ്രിയിൽ വരെ കാറുകൾ വെട്ടിത്തിരിച്ച് രക്ഷപ്പെടാൻ പരിശീലനം ലഭിച്ചവർ ആയിരിക്കും ബീറ്റ്‌സിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടാകുക. 9071 കിലോ ഭാരമുള്ള വാഹനത്തെ സെക്കൻഡുകൾക്കുള്ളിൽ തന്നെ അതിവേഗതയിലെത്തിക്കാൻ ഇവർക്ക് കഴിയും.
പുചിന്റെ കരസ്‌പർശമേറ്റ കർത്തേഷ്
ലോകത്ത് ഏറ്റവും കൂടുതൽ നേതാക്കൾ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നായ മേഴ്സിഡസ് മേയ്‌ബാക്കിലായിരുന്നു കഴിഞ്ഞ കുറച്ച് കാലം വരെ റഷ്യൻ പ്രസിഡന്റ് വ്ലാദ്‌മിർ പുച്ചിന്റെയും സഞ്ചാരം. എന്നാൽ കഴിഞ്ഞ വർഷം പുചിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കർത്തേഷ് എന്ന വാഹനം പോർഷേയും ബോഷും ചേർന്ന് സംയുക്തമായി വികസിപ്പിച്ചതാണ്. വാഹനത്തിന്റെ നിർമാണ ഘട്ടത്തിൽ പുചിൻ ഭാഗമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുമ്പോൾ പുചിൻ നേരിട്ടെത്തി ടെസ്റ്റ് ഡ്രൈവ് ചെയ്‌തെന്നും വിവരമുണ്ട്. ആദ്യ ഘട്ടത്തിൽ പുചിന് വേണ്ടി മാത്രം നിർമിക്കുന്ന വാഹനം പിന്നീട് ലോകവിപണിയിലേക്ക് ഇറക്കുമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. എന്നാൽ വാഹനത്തെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ മാത്രമേ ഇതിനോടകം പുറത്തുവന്നിട്ടുള്ളൂ. പോർഷേ നിർമിക്കുന്ന 4.6 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 592 ബി.എച്.പി കരുത്തും 900 എൻ.എം ടോർക്കും നൽകാൻ ഈ എഞ്ചിന് കഴിയും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്‌മിഷനാണ് വാഹനത്തിനുള്ളത്.
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമെന്ന നിലയിൽ ഉയർന്ന സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലോസ്‌ഡ് എയർ സപ്ലൈ, ബോഡി ആർമർ, രാസായുധത്തെ തടയാനുള്ള സംവിധാനങ്ങൾ, പ്രസിഡന്റിന്റെ ഗ്രൂപ്പിലുള്ള ബ്ലഡ് സാമ്പിളുകൾ, അത്യാവശ്യ കാര്യങ്ങൾക്കുള്ള ആയുധങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനമുള്ള വിൻഡ് ഗ്ലാസുകളും ടയറുകൾ തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിലുണ്ടെന്നാണ് വിവരം.