തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സമീപകാലത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയം വീണ്ടും സജീവ ചർച്ചയായിരിക്കയാണ്. കേരളത്തിലെ കോളേജുകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാർത്ഥിസംഘടനകൾ അവയുടെ ഭരണഘടനയും പരിപാടിയും അനുസരിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ രാഷ്ടീയപാർട്ടികളുടെ പോഷകസംഘടനകളേഅല്ല എന്നതാണ് വസ്തുത. സംഘടനകളെല്ലാം പ്രഖ്യാപിത നയപ്രകാരം വിദ്യാർത്ഥികളുടെ ജനാധിപത്യവേദികളാണ്, ഇവയ്ക്കെല്ലാം രാഷ്ടീയ കാഴ്ചപ്പാടുണ്ടെങ്കിലും സാങ്കേതികമായി രാഷ്ട്രീയ പാർട്ടികളല്ല. എന്നാൽ യാഥാർത്ഥ്യം വിസ്മരിച്ച് രാഷ്ടീയ പാർട്ടികളുടെ അനുബന്ധ സംഘടനകളെന്ന് കരുതുന്ന രീതിയിലാണ് വിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനം. എസ് .എഫ് .ഐ ഒരു രാഷ്ട്രീയ പാർട്ടിയല്ല. മറിച്ച് വിശാലാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുള്ളതും പ്രാഥമികമായും അടിയന്തരമായും വിദ്യാർത്ഥിസമൂഹത്തിന്റെ അഭ്യുന്നതിക്കു വേണ്ടി പ്രവർത്തിക്കുന്നതുമായ സംഘടനയാണ്.' ( എസ് .എഫ് .ഐ പരിപാടിയും സംഘടനയും ).
1996 ഫെബ്രുവരി മൂന്നിന് ആലപ്പുഴയിൽ നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനം അംഗീകരിച്ചിട്ടുള്ള ഭരണഘടനയിൽ വിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതിയും നന്മയും ലക്ഷ്യമാക്കിയും വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതിനും വേണ്ടി സഹകരണാടിസ്ഥാനത്തിലും സംഘടിതരൂപത്തിലും പ്രവർത്തിക്കുന്ന തികച്ചും സ്വതന്ത്ര പ്രവർത്തന പരിപാടികളുള്ള വിദ്യാർത്ഥികളുടേതായ സംഘടനയായിരിക്കും കെ.എസ്.യു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് വിദ്യാർത്ഥിസംഘടനകളുടേതും സമാന സ്വഭാവമുള്ള ഭരണഘടനയും പ്രവർത്തന പരിപാടിയുമാണ്.
ഇ.എം.എസ് നമ്പൂതിരിപ്പാട് 1992 ൽ എഴുതിയ ലഘുലേഖയിൽ വിദ്യാർത്ഥിസംഘടനകളെ സംബന്ധിച്ച് പാർട്ടി കാഴ്ചപ്പാട് വ്യക്തമാക്കിയതിങ്ങനെ : 'ഇന്നിപ്പോൾ ഒന്നല്ലെങ്കിൽ മറ്റൊരു രാഷ്ടീയപാർട്ടിയുടെ നേതൃത്വത്തിൽ വ്യവസായ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടേതുമെന്ന പോലെ കൃഷിക്കാർ, യുവാക്കൾ, മഹിളകൾ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങളുടെയുമെല്ലാം സംഘടനകളുണ്ട്. ഏതൊരു രാഷ്ടീയ പാർട്ടിക്കും ഉള്ളതിനെക്കാൾ വിശാലമായ താത്പര്യങ്ങളും പ്രശ്നങ്ങളും വിദ്യാർത്ഥിസമൂഹത്തിന് അതായത് നാളത്തെ പൗരന്മാരായ ഇന്നത്തെ വിദ്യാർത്ഥികൾക്ക് ഉണ്ടെന്ന കാര്യം ഈ പ്രക്രിയയിൽ കാണാതെ പോകുന്നു. അതിനാൽ നാളത്തെ പൗരന്മാരായ ഇന്നത്തെ വിദ്യാർത്ഥികളുടെ താത്പര്യങ്ങളേറ്റെടുത്ത് സ്വമേധയായി പ്രവർത്തിക്കുന്ന സ്വതന്ത്രമായ വിദ്യാർത്ഥി സംഘടനകളുണ്ടാവേണ്ടത് ആവശ്യമാണ്. അതുകൊണ്ട് വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ഏതെങ്കിലും രാഷ്ടീയപാർട്ടി വരച്ച വരയ്ക്കപ്പുറം കടന്ന് വിദ്യാർത്ഥികളുടെ പൊതുവായ പ്രശ്നങ്ങളും ആവശ്യങ്ങളും ആസ്പദമാക്കി വേണം പ്രവർത്തിക്കാൻ'. അദ്ദേഹം ഒരു പടികൂടി മുന്നോട്ട് കടന്ന് വിവിധ രാഷ്ടീയ പാർട്ടികളോട് കൂറുള്ള വിദ്യാർത്ഥിസംഘടനകൾ പിരിച്ചുവിട്ട് വിദ്യാർത്ഥി സമൂഹത്തിന്റെ പൊതുവായ സംഘടന രൂപീകരിക്കുകയാണെങ്കിൽ അത് ആരോഗ്യകരമായ സംഭവവികാസമായിരിക്കുമെന്ന് കൂടി അഭിപ്രായപ്പെട്ടിരിക്കുന്നു (വിദ്യാർത്ഥി പ്രസ്ഥാനം ഇന്നലെ ഇന്ന്. ഇ.എം. എസ് നമ്പൂതിരിപ്പാട് ).
വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിച്ച് സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭാസ സംവിധാനം കേരളത്തിൽ സ്ഥാപിച്ചെടുക്കുന്നതിൽ വിദ്യാർത്ഥി സംഘടനകൾ വഹിച്ച പങ്ക് കേരള ചരിത്രത്തിലെ ഉജ്വലമായ ഏടുകളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തുടങ്ങിയ നേതാക്കൾ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയ രംഗത്തേക്ക് കടന്നത്.
വിദ്യാർത്ഥികളുടെ പൊതുജനാധിപത്യ വേദിയെന്ന നിലയിൽ നിന്ന് സങ്കുചിത കക്ഷിരാഷ്ടീയ പ്രസ്ഥാനങ്ങളായി രൂപാന്തരം പ്രാപിച്ചതോടെ വിദ്യാർത്ഥിസംഘടനകളുടെ ഓജസും ദിശാബോധവും നഷ്ടപ്പെടാൻ തുടങ്ങി, പല കാമ്പസുകളിലും വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു പകരം വ്യത്യസ്ത ചിന്താഗതിക്കാരായ സഹപാഠികളെ കായികമായി നേരിടുന്ന സംഘടനകളായി വിദ്യാർത്ഥിസംഘടനകൾ മാറി. രാഷ്ടീയപ്രവർത്തകരും രാഷ്ടീയപാർട്ടികളുടെ പോഷക സംഘടനാംഗങ്ങളും കാമ്പസുകളിൽ കടന്ന് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. കേരളത്തിലെ കാമ്പസുകളിൽ രക്തസാക്ഷികളുണ്ടാവാൻ തുടങ്ങി. മറ്റ് വിദ്യാർത്ഥിപ്രസ്ഥാനങ്ങളോട് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കോളേജ് പ്രവേശനത്തിനുള്ള അവകാശം പോലും നിഷേധിക്കുന്ന വിവിധ പാർട്ടി ലേബലിലുള്ള കോളേജുകൾ കേരളത്തിലുണ്ടായി.
വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തമായ പൊതുരാഷ്ടീയ നിലപാടുകൾ സ്വീകരിച്ച് പോന്നിരുന്ന 1960 - 70 കാലത്ത് കാമ്പസ് രാഷ്ടീയം എതിർക്കപ്പെട്ടിരുന്നില്ല. അർത്ഥവത്തായ രാഷ്ടീയ പ്രവർത്തനങ്ങളുടെ സ്ഥാനത്ത് സങ്കുചിതവും ജനാധിപത്യവിരുദ്ധവുമായ കക്ഷിരാഷ്ടീയം എത്തിയതോടെയാണ് വിദ്യാർത്ഥി സംഘടനകൾക്കെതിരായ മനോഭാവം സമൂഹത്തിൽ വളർന്നത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് അപച്യുതി സംഭവിച്ചിട്ടുണ്ടെങ്കിലും കാമ്പസുകളിൽ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിരോധിക്കുന്നത് അപകടകരമായ ഒട്ടനവധി പ്രവണതകൾ ശക്തിപ്പെടാനിടയാക്കും. പ്രത്യേകിച്ചും വർഗീയതയും തീവ്രവാദവും മറ്റും യുവാക്കളെ സ്വാധീനിച്ച് തുടങ്ങിയിട്ടുള്ള സാഹചര്യത്തിൽ. വിദ്യാഭ്യാസമേഖലയിൽ ശക്തിപ്രാപിക്കുന്ന സ്വകാര്യ- കച്ചവടവത്കരണ പ്രവണതകളെ എതിർത്ത് തോൽപ്പിച്ച് സാമൂഹ്യനീതി നിലനിറുത്തുന്നതിന് നേതൃത്വം കൊടുക്കേണ്ട യുവസമൂഹത്തെ നിഷ്ക്രിയമാക്കുന്നതിനും ഇത് വഴിതെളിക്കും.
രാഷ്ടീയപാർട്ടികളും വിദ്യാർത്ഥി സംഘടനകളും സ്വയം വിമർശനം നടത്തി വിദ്യാർത്ഥി പ്രസ്ഥാനത്തെ പുന:സംവിധാനം ചെയ്യാനും കോളേജ് മാനേജ്മെന്റുകൾ അവരുടെ വിദ്യാർത്ഥി സംഘടനാ വിരുദ്ധ മനോഭാവം മാറ്റുന്നതിനും തയാറാവണം. ഇന്നത്തെ രീതിയിലുള്ള വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളും സമരരീതികളും തുടരുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും.
ഈ ദുസ്ഥിതിയിൽ നിന്നും വിദ്യാർത്ഥിപ്രസ്ഥാനങ്ങളെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ പ്രഖ്യാപിത ഭരണഘടനയും പരിപാടിയും അനുസരിച്ച് വിദ്യാർത്ഥികളുടെ പൊതു ജനാധിപത്യവേദികളായി പ്രവർത്തിക്കാൻ വിദ്യാർത്ഥി സംഘടനകൾ തയാറാവണം. പരിവർത്തന വിധേയമാവുന്ന വിദ്യാർത്ഥിസംഘടനകൾക്ക് ഔദ്യോഗികമായ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ കോളേജ് മാനേജ്മെന്റുകൾ തയാറാവുകയും വേണം. അതിനുപകരം രാഷ്ടീയപാർട്ടികളും വിദ്യാർത്ഥി സംഘടനകളും കോളേജ് മാനേജ്മെന്റുകളും ഇന്നത്തെ നിലപാട് തുടർന്നാൽ വിദ്യാഭ്യാസ മേഖലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ഭാവി അപകടത്തിലാകുമെന്ന് വിപൽസന്ദേശമാണ് യൂണിവേഴ് സിറ്റി കോളേജിൽ നടന്ന സംഭവങ്ങൾ നൽകുന്നത്.
ഇന്നത്തെ നില തുടർന്നാൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുള്ള എയ്ഡഡ് സ്വാശ്രയ മാനേജ്മെന്റുകൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനോട് കൂടുതൽ നിഷേധാത്മകമായ നിലപാട് സ്വീകരിക്കും. വിദ്യാർത്ഥിസംഘടനകൾക്ക് ശക്തമായ സാന്നിദ്ധ്യമുള്ള കോളേജുകളിലേക്ക് മക്കളെ അയയ്ക്കാൻ മാതാപിതാക്കൾ തയാറാവില്ല. ഇവയിൽ കൂടുതലും സർക്കാർ കോളേജുകളായത് കൊണ്ട് അവ പ്രതിസന്ധിയിലാവുകയും ദുർബലമാവുകയും ചെയ്യും.
(സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും,കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ലേഖകൻ)