തൃശൂർ : പ്രശസ്തമായ വ്യാപാര ശൃംഖല ലോകം മുഴുവൻ പടർന്ന് പന്തലിക്കുമ്പോഴും സ്വന്തം നാടിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന വ്യവസായിയാണ് എം.എ.യൂസഫലി. സ്വന്തം നാടായ നാട്ടികയിലെ പാവങ്ങൾക്കായി പാർപ്പിട സമുച്ചയം തീർത്തുനൽകാമെന്ന വാഗ്ദ്ദാനമാണ് അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിക പഞ്ചായത്തും ആസൂത്രണ സമിതിയും സംഘടിപ്പിച്ച ക്ഷേമവികസന ചർച്ചയുടെ ഉദ്ഘാടന ചടങ്ങിലാണ് നാട്ടിക പഞ്ചായത്തിലെ അമ്പതോളം പാവപ്പെട്ട കുടുംബങ്ങൾക്കായി ഫ്ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് അദ്ദേഹം വാക്കുനൽകിയിരിക്കുന്നത്. ഈ വാഗ്ദ്ദാനം പാലിക്കുന്നതിനായി രണ്ട് കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളാറ്റ് എവിടെ നിർമ്മിക്കണമെന്നും അതിനായുള്ള ഭൂമിയും അധികൃതർ കണ്ടെത്തി നൽകണം കൂടാതെ പാർപ്പിടം ആവശ്യമുള്ള അമ്പത് ഗുണഭോക്താക്കളുടെ പട്ടികയും പഞ്ചായത്ത് തയ്യാറാക്കണം. ഇത്രയും ചെയ്തു നൽകിയാൽ അതിമനോഹരമായ ഫ്ളാറ്റ് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറാൻ തനിക്ക് സന്തോഷമേയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ കേവലം മൂന്നുമാസത്തിനകം നാട്ടിക ബീച്ചിൽ കുട്ടികൾക്കായി പാർക്കും തയ്യാറാക്കുമെന്ന് എം.എ.യൂസഫലി വാഗ്ദ്ദാനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ ടി.എൻ.പ്രതാപൻ എം.പി, ഗീതഗോപി എം.എൽ.എ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.