red-89

ഫാം ഹൗസിൽ കിടാവിനെ കൂടാതെ അനുജൻ ശേഖരനും സി.ഐ ഋഷികേശും ഉണ്ടായിരുന്നു.

മൂവർക്കും അരുകിൽ പരുന്ത് റഷീദും അണലി അക്ബറും നിലത്തിരുന്നു. പിന്നെ മുന്നിലെ ടീപ്പോയിൽ പകുതിയൊഴിഞ്ഞ സ്കോച്ച് വിസ്കിയുടെ ബോട്ടിലിലേക്ക് കൊതിയോടെ നോക്കി.

''നോക്കിയിരിക്കാതെ ഒഴിച്ചു കുടിക്കെടാ."

ശേഖരകിടാവ് പറഞ്ഞു.

അണലി രണ്ട് ഗ്ളാസുകളിൽ പകുതിയോളം വിസ്കി പകർന്ന് സോഡയൊഴിച്ചു.

അതിൽ നിന്നു ചെറു കുമിളകൾ ഉയർന്നു പൊട്ടി.

ഇരുവരും ഒറ്റവലിക്ക് ഗ്ളാസുകൾ കാലിയാക്കി. പുറം കൈ കൊണ്ട് ചുണ്ടു തുടച്ചു.

''ഇനി പറ.... എങ്ങനാ പദ്ധതി?"

തിരക്കിയത് ഋഷികേശനാണ്.

പരുന്ത് റഷീദ് മുന്നോട്ടാഞ്ഞിരുന്നു.

''തമ്പുരാക്കന്മാരുടെ തറവാട്ടിൽ അടുക്കളപ്പണിക്കു നിൽക്കുന്ന ഒരു സ്‌ത്രീയുണ്ട്. അവളുടെ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയും അവധി ദിവസങ്ങളിൽ അവിടെ പോകാറുണ്ട്."

''അതുകൊണ്ട്?"

ഋഷികേശ് പുരികം ചുളിച്ചു.

ബാക്കി പറഞ്ഞത് അണലിയാണ്.

''പത്താം ക്ളാസിൽ പഠിക്കുന്ന ആ പെങ്കൊച്ച് ഇപ്പം ഗർഭിണിയാ."

''തമ്പുരാക്കന്മാരാണോ അതിന് ഉത്തരവാദികൾ?" ശ്രീനിവാസ കിടാവിന് ആകാംക്ഷയായി.

''അല്ല. ആ പെങ്കൊച്ചിന്റെ മുറച്ചെറുക്കനാ ആള്. പക്ഷേ ഈ വിവരം അറിഞ്ഞതോടെ അവൻ നാടുവിട്ടു."

''അതുകൊണ്ട് നമുക്ക് എന്താടാ പ്രയോജനം?" ശേഖര കിടാവ് മുഷിഞ്ഞു.

''പ്രയോജനമല്ലേയുള്ളൂ?" അണലി ചിരിച്ചു. ''ഞാൻ ആ പെങ്കൊച്ചിന്റെ അമ്മയുമായി സംസാരിച്ചു.

അവർ എന്തിനും ഒരുക്കമാ...."

സി.ഐ ഋഷികേശിന്റെ കണ്ണുകളിൽ ഒരു കൗശലം മിന്നി. എങ്കിലും അയാൾ അണലി ബാക്കി പറയുന്നതിനു കാതോർത്തു.

അണലി അക്‌ബർ തുടർന്നു:

''കുറേ ഏറെ പണവും നഷ്ടപരിഹാരമായി തമ്പുരാക്കന്മാരുടെ നല്ലൊരു ശതമാനം ഭൂമിയും വാങ്ങിക്കൊടുക്കാമെന്ന് ഞാൻ ആ പെണ്ണിന്റെ അമ്മയ്ക്ക് ഉറപ്പുകൊടുത്തു. അതോടെ അവർ വീണു.... തമ്പുരാക്കന്മാരാണ് തന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പോലീസിൽ മൊഴി നൽകാമെന്ന് അവർ സമ്മതിച്ചു. ഒരു അവധി ദിവസം തനിക്കു പകരം മകളാണ് തമ്പുരാക്കന്മാരുടെ വീട്ടിൽ പോയതെന്നും അപ്പോഴാണ് അവർ അവളെ കീഴ്‌പ്പെടുത്തിയതെന്നും ആ സ്‌ത്രീ പറയും. മകളും സമ്മതിക്കും."

''മതി." ഋഷികേശ് ചിരിച്ചു.

''ഇങ്ങനെയൊരു മൊഴി കിട്ടിയാൽ അവന്മാരെ ഞാൻ എപ്പോൾ അകത്താക്കിയെന്നു ചോദിച്ചാൽ മതി."

''പക്ഷേ...." ശേഖര കിടാവിനു സംശയം. ''തമ്പുരാക്കന്മാർക്ക് നാട്ടിൽ ക്ളീൻ ഇമേജാണ്. അവർ ഇങ്ങനെ ചെയ്തെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?"

ഋഷികേശ്, ശേഖര കിടാവിനു നേരെ തിരിഞ്ഞു.

''ക്ളീൻ ഇമേജ് ഉണ്ടെന്ന് മറ്റുള്ളവർ വിചാരിക്കുന്നവരാ. ആദ്യം ഇത്തരം കേസുകളിൽ പെടുന്നത്."

''എന്നാൽ ഡി.എൻ.എ ടെസ്റ്റ് നടത്തിയാൽ..." ശ്രീനിവാസ കിടാവ് തലമുടിയിൽ തടവിക്കൊണ്ട് പിന്നോട്ടു ചാരിയിരുന്നു.

''അതൊക്കെ അടുത്ത ഘട്ടമല്ലേ... അതിനു മുൻപ് അവന്മാര് നിവർന്നു നിൽക്കാൻ പറ്റാത്ത വിധത്തിൽ ഞാൻ സൽക്കരിച്ചിരിക്കും. നാറേണ്ടത് നാറിക്കഴിഞ്ഞാൽ പിന്നെ നിരപരാധിയാണെന്നു തെളിഞ്ഞാലും ജനം മാനിക്കത്തില്ല."

അത് ശരിയാണെന്ന് കിടാവിനും അറിയാം.

ഈ സമയത്ത് തമ്പുരാക്കന്മാർ ജയിലിൽ കിടക്കേണ്ടത് തന്റെ ആവശ്യമാണ്. തന്നെ ഒരുപാട് കൊതിപ്പിച്ചിട്ടുള്ള വടക്കേ കോവിലകം തന്റെ കയ്യിൽ എത്തിപ്പെടണമെങ്കിൽ അനന്തഭദ്രന്റെയും ബലഭദ്രന്റെയും നിഴൽ പോലും പുറത്ത് ഉണ്ടാവാൻ പാടില്ല.

''അപ്പോൾ അത് അങ്ങനെയങ്ങ് ഉറപ്പിക്കാം. അല്ലേ സാറേ?"

സി.ഐ ഋഷികേശിന്റെ ശബ്ദമാണ് ശ്രീനിവാസ കിടാവിനെ ചിന്തയിൽ നിന്നുണർത്തിയത്.

''ഓക്കെ."

അയാൾ സമ്മതിച്ചു.

സി.ഐ, പരുന്തിനെയും അണലിയെയും നോക്കി.

''നാളെ രാവിലെ ആ സ്ത്രീയും മകളും എന്നെ വന്ന് കാണാൻ പറയണം. സ്റ്റേഷനിൽ വേണ്ടാ. ലീക്കാവും സംഗതി. ക്വാർട്ടേഴ്സിൽ വന്നാൽ മതി."

പരുന്തും അണലിയും സമ്മതിച്ചു...

അടുത്ത ദിവസം ഉച്ച.

കരുളായി.

ഊണു കഴിഞ്ഞുള്ള മയക്കത്തിലായിരുന്നു ബലഭദ്രൻ.

അനന്തഭദ്രൻ എന്തോ ആവശ്യത്തിനായി കോഴിക്കോട് വരെ പോയിരിക്കുകയാണ്.

ആറ്റു ചരൽ വിരിച്ച മുറ്റത്ത് പോലീസിന്റെ ഒരു ബൊലേറോയും ജീപ്പും ഇരച്ചുവന്നു ബ്രേക്കിട്ടു.

അനന്തഭദ്രന്റെ പത്നി ഇന്ദിരാഭായി പൂമുഖത്തെത്തി.

വാഹനങ്ങളിൽ നിന്ന് കാക്കിധാരികൾ ചാടിയിറങ്ങുന്നതു കണ്ടപ്പോൾ ഇന്ദിരാഭായിയുടെ പുരികം ചുളിഞ്ഞു.

മണൽത്തരികളെ ഷൂസിനടിയിൽ ഞെരിച്ചമർത്തി സി.ഐ ഋഷികേശ് അവരുടെ മുന്നിലെത്തി.

വലം കയ്യിലിരുന്ന കെയിൻ ഇടം കയ്യുടെ വെള്ളയിൽ മെല്ലെ അടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

''വന്ദനം തമ്പുരാട്ടീ..."

ഇന്ദിരാഭായിയുടെ കണ്ണുകൾ കുറുകി.

(തുടരും)