ന്യൂഡൽഹി: 'ഭർത്താവിനെ കൊന്നതിൽ തെല്ലും കുറ്റബോധമില്ല. എന്റെ വിധിയിൽ എഴുതിയിട്ടുള്ളതാണത്' ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ മകൻ രോഹിത് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഭാര്യ അപൂർവ ശുക്ലയുടെ വാക്കുകളാണിത്. എം.ബി.എ ബിരുദധാരിയും സുപ്രീംകോടതി അഭിഭാഷകയുമായിരുന്നു അപൂർവ.
തിഹാർ ജയിലിലെ ആദ്യ ദിവസങ്ങളിൽ അപൂർവ ആരോടും മിണ്ടിയിരുന്നില്ല. ശാഠ്യവും വാശിയും മൂക്കിൻതുമ്പത്തായിരുന്നു. പക്ഷേ, ഇപ്പോൾ ജയിലിലെ ഭാവി പ്രവചന ക്ളാസിലെ മിടുക്കിയായ വിദ്യാർത്ഥിയാണ് അപൂർവയെന്ന് ജയിൽ അദ്ധ്യാപിക ഡോ. പ്രതിഭാസിംഗ് പറയുന്നു.
78 ടാരറ്റ് കാർഡുകളുപയോഗിച്ചാണ് ഭാവി പ്രവചിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമാണ് ക്ലാസ്. പഠിക്കാനുള്ള ആഗ്രഹത്തോടെയാണ് അപൂർവ ക്ളാസിലെത്തുക. നോട്ടെഴുതും, സംശയങ്ങൾ ചോദിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ളാസെടുക്കുമെങ്കിലും ഇംഗ്ലീഷിൽ വിശദീകരിക്കാനാണ് അപൂർവ ആവശ്യപ്പെടുന്നത്. ടാരറ്റ് കാർഡ് പഠിക്കാൻ നേരത്തേ തന്നെ ആഗ്രഹിച്ചിരുന്നതായും എന്നാൽ ചില കാരണങ്ങൾ കൊണ്ട് പഠനം നടക്കാതെ പോകുകയായിരുന്നുവെന്നും അപൂർവ പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കി.
ആറു വർഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് രോഹിത് തിവാരിയെ എൻ.ഡി. തിവാരി മകനായി അംഗീകരിച്ചത്. ഏപ്രിൽ 16നാണ് രോഹിത് കൊല്ലപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് വിശദമായ അന്വേഷണത്തിലാണ് വഴക്കിനിടെ അപൂർവ ഭർത്താവിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് വ്യക്തമായത്. മദ്യലഹരിയിലായിരുന്ന രോഹിതിനു ചെറുക്കാൻ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളിൽ തെളിവടക്കം അപൂർവ നശിപ്പിച്ചു.