news

1. രാഷ്ട്രീയ പ്രതിസന്ധിയില്‍ പുകയുന്ന കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടും. കാര്യോപദേശക സമിതിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. രാവിലെ 11ന് ആയിരിക്കും വോട്ടെടുപ്പെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ അറിയിച്ചു. അതേസമയം, സ്പീക്കറുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ രംഗത്ത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കുകയോ ഇന്നു വിശ്വാസവോട്ട് തേടുകയോ ചെയ്യണമെന്നാണ് യെദിയൂരപ്പ ആവശ്യപ്പെടുന്നത്.
2. അതിനിടെ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ നാളെ തീരുമാനം എടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. അതേസമയം, രാജിവച്ച വിമത എം.എല്‍.എമാരെ ഒപ്പംചേര്‍ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്ജനതാദള്‍ നേതൃത്വം ഊര്‍ജിതമാക്കി ഇരിക്കുകയാണ്.
3 യൂണിവേഴ്സിറ്റി കോളേജ് വധ ശ്രമക്കേസില്‍ അറസ്റ്റിലായ യൂണിയന്‍ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരകടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ, കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസിലും ഉത്തര കടലാസ് കെട്ടുകള്‍. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെ റോള്‍ നമ്പര്‍ എഴുതിയതും എഴുതാത്തതുമായ ഉത്തര കടലാസുകള്‍ ആണ് കണ്ടെത്തിയത്.
4 അതേസമയം, ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സീല്‍ വ്യാജം എന്ന് കണ്ടെത്തല്‍. സീല്‍ തന്റേത് അല്ല എന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍. സീല്‍ വ്യാജമായി തയ്യാറാക്കിയത് ആവാം എന്നും ഡയറക്ടര്‍ പൊലീസിന് മൊഴി നല്‍കി. അതിനിടെ, ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും നടപടി ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അന്വേഷണ സംഘം പി.എസ്.സിയ്ക്ക് കത്തയച്ചു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തര കടലാസ് കണ്ടെത്തിയ സംഭവം ഗുരുതരം എന്ന് വൈസ് ചാന്‍സലര്‍


5 വിഷയത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ഉന്നതതല യോഗത്തിന് ശേഷം വൈസ് ചാന്‍സലറാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് വീഴ്ച സംഭവിച്ചു എന്ന് സര്‍വകലാശാലയുടെ വിലയിരുത്തല്‍. കോളേജില്‍ നടന്ന പരീക്ഷകള്‍ പരിശോധിക്കും. സര്‍വകലാശാലയില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ല എന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും ആണ് അന്വേഷണ ചുമതല
6 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നു എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് നടപടി എടുക്കാത്തത് എന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക ആണെന്ന് വി.എം സുധീരനും പറഞ്ഞു.
7.സിഗ്നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം റോഡിലെ സീബ്രാലൈനിലും സിഗ്നലുകള്‍ തെളിയുന്ന എല്‍.ഇ.ഡി സിഗ്നല്‍ലൈറ്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങി. ഗതാഗതം സുഗമമാക്കാനും ട്രാഫിക് ലംഘനം തടയാനും ലക്ഷ്യമിടുന്നതിന് ആണ് ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുന്നത്. റോഡിലെ സീബ്രാ ലൈനിനോട് ചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍ നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്
8 ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ. ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാനുള്ള നിയമ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം. അതിനുള്ള നിയമ ഭേദഗതി നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും
9 കേരളാ പൊലീസിന്റെ വാഹനങ്ങളില്‍ മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍ സിസ്റ്റവും ഇ.ആര്‍.എസ്.എസുംഘടിപ്പിച്ചു തുടങ്ങി. സംസ്ഥാന പൊലീസ് കണ്‍ട്രോള്‍ റൂം ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് നടപടി. വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന സംവിധാനമാണ് സംസ്ഥാനത്തും നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങളും മറ്റും പൊതുജനങ്ങള്‍ക്ക് പൊലീസിനെ ഉടന്‍ അറിയിക്കാനും അതിവേഗം നടപടി എടുക്കലുമാണ് മൊബൈല്‍ ഡാറ്റ ടെര്‍മിനലിന്റെ ലക്ഷ്യം.
10.സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗോശാലയില്‍ 71 പശുക്കള്‍ ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എട്ട് ഉദ്യോഗസ്ഥരെ ആണ് മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് എതിരെ ആണ് നടപടി. ജില്ലാ കളക്ടറടക്കം മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി
11.അടുത്ത ലോകകപ്പിന ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കും. 2023-ലെ ഐ.സി.സി ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 1987ല്‍ ഇന്ത്യയും പാകിസ്ഥാനും ആയിരുന്നു ലോകകപ്പ് വേദിപങ്കിട്ടത്. 1996ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും, 2011ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയരായത്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാകും.