abdhullakutty

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തികുത്ത് സംഭവത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് ബി.ജെ.പി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടി. എസ്.എഫ്.ഐ വിദ്യാർത്ഥി സംഘടന 'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്' ആയി മാറിയിരിക്കുകയാണെന്നും അബ്‌ദുള്ളക്കുട്ടി കോഴിക്കോട് വച്ച് പറഞ്ഞു.

താൻ കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ പേര് സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന്റെ പേര് മാറി സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ് എന്നായിരിക്കുന്നുവെന്നുമാണ് അബ്‌ദുള്ളക്കുട്ടി പരിഹസിച്ചത്.

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമത്തെ തുടർന്ന് അവിടത്തെ സംഘടനാ യൂണിറ്റ് പിരിച്ചുവിട്ടുവെന്നാണ് സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.എന്നാൽ എല്ലായിടത്തും പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐയെ മൊത്തത്തിൽ പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്നും അബ്‌ദുള്ളക്കുട്ടി വിമർശിച്ചു.

ബി.ജെ.പി അംഗത്വം സ്വീകരിച്ച അബ്‌ദുള്ളക്കുട്ടിക്ക് കോഴിക്കോട് വച്ച് പാർട്ടി ഘടകം സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു അബ്‌ദുള്ളക്കുട്ടി.