തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിക്കുന്ന ഫുട് ഒാവർബ്രിഡ്‌ജിന്റെ ശിലാസ്ഥാപനം 18ന് വൈകിട്ട് 3ന് ഗാന്ധിപാർക്കിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം ജഗദീഷ് മുഖ്യാതിഥിയായിരിക്കും. സൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഓവർബ്രിഡ്‌ജ് നിർമ്മിക്കുന്നത്. കിഴക്കേകോട്ടയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് കോട്ടമതിലിന്റെ ഘടനയ്‌ക്ക്‌ യോജിക്കുന്ന തരത്തിലായിരിക്കും നിർമ്മാണം. കാൽനട യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ച് കടക്കുന്നതിന് കിഴക്കേകോട്ടയിൽ അടിപ്പാത നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ഫുട് ഒാവർബ്രിഡ്‌ജാണിത്. യോഗത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാർ, സൺ ഇൻഫ്രാസ്ട്രക്ചർ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.