കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സി.ബി.ഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും സാജന്റെ ഭാര്യ ആരോപിച്ചു.
സാജന്റെ ആത്മഹത്യ കുടുംബപ്രശ്നം മൂലമെന്ന‌് വരുത്താൻ, കുടുംബസുഹൃത്തും ഡ്രൈവറുമായ മൻസൂറിനെ പൊലീസ് കരുവാക്കിയെന്നും ഇതിനെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും മൻസൂറിന്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നു. ദുബായിൽ ബിസിനസുകാരൻ കൂടിയായ മൻസൂറിനെ, തിരിച്ചുപോകാൻ കഴിയാത്തവണ്ണം കേസിൽ കുടുക്കുമെന്ന ഘട്ടം വന്നപ്പോൾ പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മൊഴി നൽകുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
അഞ്ചുവട്ടം പൊലീസ് ചോദ്യം ചെയ്തെന്നും മൻസൂർ കടുത്ത മാനസിക സമ്മർദം അനുഭവിച്ചതായും കുടുംബം വെളിപ്പെടുത്തി കുടുംബ സുഹൃത്തും ഡ്രൈവറും എന്ന നിലയിൽ സാജന്റെ ഭാര്യ ബീനയെ വിളിക്കാറുണ്ടായിരുന്ന കാര്യം മൻസൂർ പൊലീസിനോടു പറഞ്ഞു.