vs-achuthanandhan

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമത്തിൽ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്‌.ഐയെ വിമർശിച്ച് ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഗുണ്ടായിസമല്ല എസ്‌.എഫ്.ഐ യുടെ ആയുധമെന്നുപറഞ്ഞ വി.എസ്, സംഘടനയുടെ അടിത്തറയിൽപ്രശ്നമുണ്ടെനും സൂചിപ്പിച്ചു. സംഘടനാ നേതാക്കളുടെ കൈയിൽ ആയുധം കാണുന്നത് അതുകൊണ്ടാണെന്നും വി.എസ് ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ തിരുത്താൻ വിദ്യാർത്ഥി സമൂഹമാണ് മുന്നോട്ട് വരേണ്ടതെന്നും വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഖിലിനെ സംഘടനയിൽ തന്നെയുള്ള ശിവരഞ്ജിത്ത്, നസീം, എന്നിവരടങ്ങിയ സംഘം നെഞ്ചിൽ കഠാര കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്പിക്കുന്നത്. മുൻവൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കി മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് പുലർച്ചെ രണ്ടരയോടെ കേശവദാസപുരത്ത് നിന്നാണ് പിടികൂടിയത്.

മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമൽ,​ ഏഴാം പ്രതി ആദിൽ എന്നിവരെ ഇന്നലെ വൈകിട്ട് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും കുറ്റം സമ്മതിച്ചിട്ടുണ്ട്. അഖിലിനെ കുത്തിയത് താനാണെന്നാണ് ശിവരഞ്ജിത്ത്‌ പൊലീസിനോട് പറഞ്ഞത്.