ബംഗളൂരു: കർണാടകത്തിൽ ഭരണം പിടിച്ചുനിറുത്താനുള്ള അവസാനശ്രമവും പാളിയ എച്ച്.ഡി. കുമാരസ്വാമി സർക്കാർ വ്യാഴാഴ്ച സഭയിൽ വിശ്വാസവോട്ട് തേടാനിരിക്കെ, രാജിക്കത്തു നൽകിയ വിമത എം.എൽ.എമാരുടെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.
മുംബയിൽ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരിക്കുന്ന 16 കോൺഗ്രസ്, ദൾ എം.എൽ.എമാരും രണ്ട് സ്വതന്ത്രരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഇത്രയും എം.എൽ.മാരുടെ അസാന്നിധ്യത്തിൽ ഭരണപക്ഷത്തെ അംഗബലം നൂറിൽ ഒതുങ്ങുമെന്നിരിക്കെ വിശ്വാസപ്രമേയ വോട്ടടെടുപ്പിൽ സഖ്യസർക്കാർ നിലംപതിക്കും.
അതേസമയം, തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എം.എൽ.എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി നിർണായകമാണ്. ഭരണഘടനാപരമായ പ്രശ്നങ്ങളുള്ള വിഷയത്തിൽ തനിക്ക് ധൃതിപിടിച്ച് തീരുമാനമെടുക്കാൻ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച് സ്പീക്കർ കെ.ആർ. രമേശ് കുമാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും ഇന്നാണ് കോടതി പരിഗണിക്കുക. രാജിക്കാര്യത്തിലും എം.എൽ.എമാർക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും ഇന്നു വരെ തൽസ്ഥിതി നിലനിറുത്താനാണ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി നിർദ്ദേശിച്ചത്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ വിശ്വാസപ്രമേയം സഭ വ്യാഴാഴ്ച പരിഗണനയ്ക്കെടുക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രാജിവച്ച എം.എൽ.എമാർ തിരികെയെത്തുന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. വിമത അംഗങ്ങളെ അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് എന്നിവരെ മുംബയിലെ ഹോട്ടലിലേക്ക് അയയ്ക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും, പാർട്ടി നേതാക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് എം.എൽ.എമാർ ഇന്നലെ മുംബയ് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തു നൽകിയ സാഹചര്യത്തിൽ ഈ നീക്കം വേണ്ടെന്നുവച്ചു. നേതാക്കളിൽ നിന്ന് ഭീഷണിയുള്ളതിനാൽ അവരെ ഹോട്ടലിലേക്ക് കടത്തരുതെന്നാണ് കത്തിലെ ആവശ്യം.
പ്രതീക്ഷകൾ അസ്തമിച്ചതോടെ വരുന്നതു പോലെ വരട്ടെ എന്ന നിസ്സഹായതയിലാണ് കോൺഗ്രസ്, ജെ.ഡി.എസ് നേതൃത്വങ്ങൾ.
എം.എൽ.എമാരുടെ രാജി സ്വീകരിക്കുന്നത് വൈകിച്ച്, ഇവരെ തിരികെയെത്തിക്കാൻ സർക്കാരിന് പരമാവധി സമയം നൽകിയ സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ തീരുമാനവും നിർണായകമാണ്. അതേസമയം, രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിർദ്ദേശിക്കാൻ നിയമനിർമ്മാണ സഭയ്ക്കു മേൽ സുപ്രീം കോടതിക്കും അധികാരമില്ല. അയോഗ്യതാ സമ്മർദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചില്ല. രാജിവച്ചവരെ മാറ്റിനിറുത്തിയാൽ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബി.ജെ.പിയുടെ ബലം നൂറ്റിയേഴുമാകും.