ന്യൂഡൽഹി : അഭയകേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന ഫാദർ കോട്ടൂരിന്റെയും സെഫിയുടെയും വാദം കോടതി അംഗീകരിച്ചില്ല.പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു, ഇരുവരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
അഭയ കേസിൽ ഫാദർ തോമസ് എം. കോട്ടൂർ ഒന്നാം പ്രതിയും സിസ്റ്റർ സെഫി മൂന്നാം പ്രതിയുമാണ് രണ്ടാം പ്രതി ഫാദർ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അഭയ കേസിൽ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ മുൻ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും ഹർജി തള്ളിയത്. കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിൽ വെച്ച് സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തളളി എന്ന കേസിലാണ് ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടുന്നത്