ജയ്‌പുർ: 'മൈ ലോർഡ്, യുവർ ലോർഡ്‌ഷിപ്പ്, യുവർ ഓണർ' എന്നിങ്ങനെ ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നത് നിറുത്തലാക്കി രാജസ്ഥാൻ ഹൈക്കോടതിയുടെ ചരിത്ര തീരുമാനം.
അഭിഭാഷകർക്ക് നൽകിയ നോട്ടീസിലാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തുല്യതയ്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഭരണഘടനയിൽ അനുശാസിക്കുന്ന സമത്വമെന്ന മൂല്യത്തെ ബഹുമാനിക്കാനായി ഇത്തരമൊരു തീരുമാനമെടുത്തത്. മറ്റ് കോടതികള്‍ക്കും മാതൃകയാവുന്ന തീരുമാനമാണിത്.
അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധകൾക്ക് പകരം എന്ത് വിളിക്കണമെന്ന് നോട്ടീസിൽ പറയുന്നില്ല. 2014 ജനുവരിയിൽ ജഡ്‌ജിയെ മൈ ലോർഡ്, യുവർ ലോർഡ്‌ഷിപ്പ്, യുവർ ഓണർ എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിർബന്ധമില്ലെന്നും ഇത് ബ്രീട്ടീഷ് കൊളോണിയൽ കാലത്തെ പ്രയോഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.