തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ വിദ്യാർത്ഥി സംഘടന നടത്തിയ വധശ്രമത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാരണവശാലും ഒരു കലാലയത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നിട്ടുള്ളതെന്നും വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
വിഷയത്തിൽ ശക്തമായ നടപടി തന്നെയാണ് സ്വീകരിച്ചുവരുന്നത്. അക്കാര്യം എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. കുറ്റവാളികൾക്കെതിരായ നടപടികളിൽ ഒരു തരത്തിലുമുള്ള ലാഘവത്വവും ഉണ്ടാകില്ല. മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം സംഭവത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും രംഗത്ത് വന്നു . ഗുണ്ടായിസമല്ല എസ്.എഫ്.ഐ യുടെ ആയുധമെന്നുപറഞ്ഞ വി.എസ്, സംഘടനയുടെ അടിത്തറയിൽപ്രശ്നമുണ്ടെനും സൂചിപ്പിച്ചു. സംഘടനാ നേതാക്കളുടെ കൈയിൽ ആയുധം കാണുന്നത് അതുകൊണ്ടാണെന്നും വി.എസ് ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ തിരുത്താൻ വിദ്യാർത്ഥി സമൂഹമാണ് മുന്നോട്ട് വരേണ്ടതെന്നും വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഖിലിനെ സംഘടനയിൽ തന്നെയുള്ള ശിവരഞ്ജിത്ത്, നസീം, എന്നിവരടങ്ങിയ സംഘം നെഞ്ചിൽ കഠാര കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്പിക്കുന്നത്. മുൻവൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കി മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.