ചണ്ഡിഗഡ്: കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ നാലുനിലക്കെട്ടിടം തകർന്ന് 13 സൈനികർ ഉൾപ്പെടെ 14 പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 42 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിൽ 30 പേർ സൈനികരും 12 പേർ പ്രദേശവാസികളുമാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ച് സൈനികർ ഉൾപ്പെടെ 17 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
തലസ്ഥാനമായ ഷിംലയിൽനിന്ന് 45 കിലോമീറ്റർ അകലെ സോളനിൽ നഹാൻ- കുമാർഹട്ടി റോഡിലാണ് അപകടം.
ഉത്തരാഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ സൈനികരും കുടുംബാംഗങ്ങളും കെട്ടിടത്തിന്റെ മുകൾനിലയിലെ റസ്റ്റോറന്റിൽ ഉച്ചഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കനത്ത മഴയിൽ കെട്ടിടം തകർന്നത്. തകർന്ന കെട്ടിടത്തിൽ കുടുങ്ങിയെവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ഹെലികോപ്ടറിൽ രക്ഷാസേനയെയും സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ജയ്റാം താക്കൂർ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. അനധികൃതമായി നിർമിച്ച കെട്ടിടമാണ് തകർന്നതെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.