ശ്രീനഗർ: നദിയിലെ ഒഴുക്കിൽ പെട്ട പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി സി.ആർ.പി.എഫ് ജവാന്മാർ. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് സംഭവം നടന്നത്. നദിയിലൂടെ ഒഴുകി പോകുകയായിരുന്ന നദീന എന്ന പതിനാല് വയസുകാരിയെ നദിയുടെ വക്കിൽ ആ സമയത്ത് ഉണ്ടായിരുന്ന, സി.ആർ.പി.എഫ് കോൺസ്റ്റബിൾമാരായ എം.ജി.നായിഡു, എൻ.ഉപേന്ദ്ര എന്നിവർ രക്ഷപ്പെടുത്തിയത്.
ബാരാമുള്ളയിലെ തന്മാർഗിലുള്ള പുഴയിലാണ് പെൺകുട്ടി വഴുതി വീണത്. നദിയിൽ ശക്തമായ ഒഴുക്കായിരുന്നതിനാൽ പെൺകുട്ടിക്ക് നീന്തി രക്ഷപെടാൻ കഴിഞ്ഞില്ല. ഇത് കണ്ടാണ് നദിയുടെ സമീപത്തുണ്ടായിരുന്ന സി.ആർ.പി.എഫ് സംഘം പെൺകുട്ടിയെ രക്ഷിക്കാനായി നദിയിലേക്ക് എടുത്ത് ചാടുന്നത്. നായിഡുവിനും ഉപേന്ദ്രയ്ക്കുമായിരുന്ന പെൺകുട്ടിയെ ആദ്യം കൈയിൽ കിട്ടിയത്.
ഇവരുടെ കൈയിൽ നിന്നും പെൺകുട്ടി വഴുതി പോയിരുന്നുവെങ്കിൽ രക്ഷിച്ചെടുക്കാൻ മറ്റ് സൈനികർ തയാറായി ഇവർക്ക് പിന്നിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. സി.ആർ.പി.എഫിന്റെ 176 ബറ്റാലിയന്റെ ഭാഗമാണ് നായിഡുവും ഉപേന്ദ്രയും. ഇവരുടെ ധീരപ്രവർത്തി പരിഗണിച്ച് ഡി.ജി പ്രശംസാ ചക്രം നൽകുമെന്ന് സി.ആർ.പി.എഫ് മേധാവി ആർ.ആർ ഭട്നഗർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.