കൊല്ലം: അയത്തിൽ ലോറിയിൽ നിന്ന് പിടിച്ചെടുത്ത 200 ചാക്ക് അരി തിരുവനന്തപുരം ചാല മാർക്കറ്റിലെ കടയിൽ നിന്ന് കയറ്റിയ റേഷനരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അരി കടത്തിക്കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ കാട്ടാക്കട മുളിയൂർ ചിറനിലയ്ക്കൽ വീട്ടിൽ ആഷിഖിനെ (31) റിമാൻഡ് ചെയ്തു.
ഞായറാഴ്ച രാവിലെ 11ന് കിളികൊല്ലൂർ പൊലീസാണ് ലോറി പിടിച്ചത്. വാഹന പരിശോധനയ്ക്കായി പോകുകയായിരുന്ന കിളികൊല്ലൂർ എസ്.ഐ അബ്ദുൾ മനാഫ് വഴിയരികിൽ കിടക്കുകയായിരുന്ന ലോറി സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പഴയ പ്ലാസ്റ്റിക് ചാക്കുകളിൽ അരി നിറച്ചശേഷം ചണം ഉപയോഗിച്ച് കുത്തിത്തയ്ച്ച നിലയിലായിരുന്നു. പുഴുക്കലരിയും മട്ടയുമായിരുന്നു ചാക്കുകളിൽ.
പൊലീസ് പരിശോധന തുടങ്ങിയപ്പോൾ തന്നെ ലോറിയിൽ കൂടെ ഉണ്ടായിരുന്നയാൾ മെക്കാനിക്കിനെ വിളിക്കാനെന്ന് പറഞ്ഞ് മുങ്ങി. ഇയാളെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
അരി പരിശോധിച്ച താലൂക്ക് സപ്ലൈ ഓഫീസർ റേഷനരിയാകാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ട് നൽകി. ചാലയിലെ കടയിൽ നിന്ന് പാലക്കാട്ട് എത്തിക്കാൻ പറഞ്ഞ് കയറ്റിയതാണെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നും ഡ്രൈവർ പറഞ്ഞു. അരിയുടെ ബില്ലടക്കമുള്ള രേഖകൾ കൈവശം ഉണ്ടായിരുന്നില്ല.
ലോറി കസ്റ്റഡിയിലെടുത്ത് ഒരു ദിവസം കഴിഞ്ഞെങ്കിലും റേഷനരിയല്ലെന്ന് തെളിയിക്കുന്ന രേഖകളുമായി ആരും എത്തിയില്ല. ഡ്രൈവറെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചാലയിലെ ഏതു കടയിൽ നിന്നാണ് അരി കയറ്റിയതെന്ന് കണ്ടെത്തണം. ലോറി ഇപ്പോൾ കിളികൊല്ലൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. തുടർ നടപടികൾക്കായി കളക്ടർക്ക് കൈമാറും.
പിന്നിൽ വൻമാഫിയ
ചാലയിൽ നിന്ന് കൊണ്ടുവന്ന റേഷനരിക്ക് പിന്നിൽ വൻ മാഫിയ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. റേഷനരി സംഭരിച്ചശേഷം പാലക്കാട്ട് എത്തിച്ച് സംസ്കരിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘമാകാനാണ് സാദ്ധ്യത. ഭക്ഷ്യഭദ്രതാ നിയമം നിലവിൽ വന്നതോടെ ഗോഡൗണുകളിൽ നിന്ന് നേരിട്ട് ധാന്യങ്ങൾ കടത്താനാകാത്ത സ്ഥിതിയാണ്. ഇതോടെയാണ് റേഷൻ കടകൾ കേന്ദ്രീകരിച്ച് കടത്തു തുടങ്ങിയത്.