univesrsity

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയാൽ നഗരമധ്യത്തിലെ കോളേജിൽ വീണ്ടും കലാപമുണ്ടാകുമെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റതിനാൽ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ഇന്ന് പുലർച്ചെ പിടിയിലായ മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്.ഐ.ആറിലുമുള്ളത്. നസീം പിടിച്ചുവച്ചുവെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും അഖിൽ ഡോക്ടറോട് പറഞ്ഞിരുന്നു. എന്നാൽ സംഘർഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് ഇവർ പിന്നീട് മാറ്റിപറഞ്ഞു. ആയുധം എവിടെ ഒളിപ്പിച്ചുവെന്ന ഒരു സൂചനയും മുഖ്യപ്രതികൾ പൊലീസിന് ൽകിയില്ല.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്‌തു. ഇന്ന് രാവിലെ കൂടിയ കോളേജ് കൗൺസിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്,​ നസീം.എ.എൻ,​ അമർ.എ.ആർ,​ അദ്വൈത് മണികണ്‌ഠൻ,​ ആദിൽ മുഹമ്മദ്,​ ആരോമൽ.എസ്.നായർ,​ മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് സസ്പെൻഡ‌് ചെയ്‌തത്.

ഈ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ കോളേജിൽ പ്രവേശിക്കാൻ പാടില്ലെന്നും ഇവർക്ക് അനുവദിച്ച തിരിച്ചറിയൽ കാർഡ് അസാധുവാക്കിയതായും ഉത്തരവിൽ പറയുന്നു. കോളേജിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.