amit-sha-

ന്യൂഡൽഹി : പാർലമെന്റിൽ എൻ.ഐ.എ ബിൽ അവതരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസിയും തമ്മിൽ വാഗ്വാദം. . ബില്ലിൻമേലുള്ള ചർച്ചയ്ക്കിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്നതിന് നിയമഭേദഗതി വരുത്തുന്ന ബില്ലാണ് ഇന്ന് കേന്ദ്രമന്ത്രി സത്യപാൽ സിംഗ് അവതരിപ്പിച്ചത്.

ചില കേസുകളിൽ അന്വേഷണ രീതി മാറ്റാൻ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ പറഞ്ഞതായുള്ള സത്യപാൽ സിംഗിന്റെ ആരോപണത്തിനെതിരെ ഒവൈസി രംഗത്തെത്തി. ആരോപണത്തിന് സത്യപാൽ തെളിവ് മേശപ്പുറത്ത് വെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടതോടെ അമിത് ഷായും രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ തടസപ്പെടുത്തരുതെന്നും തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പഠിക്കണമെന്ന് ഒവൈസിയോടും അമിത് ഷാ കൈചൂണ്ടി ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് നേരെ വിരൽ ചൂണ്ടി ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് ഒവൈസിയും തിരിച്ചടിച്ചു. എന്നാൽ ആരെയും വ്യക്തിപരമായല്ല, പ്രതിപക്ഷത്തെയാണ് വിരൽ ചൂണ്ടിയതെന്നും അത് ഭീഷണിപ്പെടുത്തലല്ലെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസിൽ ഭയമുണ്ടെങ്കിൽ എനിക്കെന്ത് ചെയ്യാനാകുമെന്നും അമിത് ഷാ ചോദിച്ചു.