vs-achuthanandhan

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ആർട്സ് കോളേജിൽ വച്ച് നടക്കാനിരുന്ന എസ്.എഫ്.ഐയുടെ പരിപാടിയിൽ വച്ച് താൻ സംഘടനയെ വിമർശിക്കാനിരുന്നതാണെന്നും എന്നാൽ ആരോഗ്യകാരണങ്ങൾ കൊണ്ട് പരിപാടിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നുവെന്നും പറഞ്ഞ് വി.എസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വി.എസ് ഇക്കാര്യം അറിയിച്ചത്. എസ്.എഫ്.ഐയുടെ 'പഠനോത്സവം' പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ഞാൻ കോളേജിൽ എത്തേണ്ടിയിരുന്നതിനും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആ പരിപാടിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നതെന്നും വി.എസ് പോസ്റ്റിൽ വിശദീകരിച്ചു. പരിപാടിക്ക് വന്നിരുന്നുവെങ്കിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഉന്നത മൂല്യങ്ങളേയും നന്മകളേയും നിരസിക്കുന കിരാത നടപടികളെ വിമർശിക്കാൻ താൻ ആ വേദി ഉപയോഗപ്പെടുത്തുമായിരുന്നുവേണും അദ്ദേഹം പറയുന്നു. സാമൂഹ്യ നീതിക്കും നന്മയ്ക്കും വേണ്ടി പോരാടുന്നവരുടെ കൈയിൽ ആയുധമല്ല ആശയങ്ങളാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

'ഇന്ന് രാവിലെ തിരുവനന്തപുരം ആർട്സ് കോളേജിൽ എസ്എഫ്ഐ യുടെ "പഠനോത്സവം" പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഞാൻ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആ പരിപാടിയിൽ പങ്കെടുക്കാൻ ഡോക്ടർമാർഅനുമതി തന്നില്ല.


കൊച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കൽ, അന്ധ ദമ്പതികൾക്ക് ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നല്ലൊരു മാതൃകയാണ് പഠനോത്സവം. ഇത്തരം പ്രവർത്തനങ്ങൾഏറ്റെടുക്കുന്ന ഗവർമെണ്ട് ആർട്ട്സ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥികൾ അഭിനന്ദനം അർഹിക്കുന്നു.

പക്ഷെ, അത് മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്. ഈയിടെ നടന്ന, എസ്എഫ്ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമർശിക്കാനും ഞാന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമർശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യിൽആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളിൽ വിലസുന്നുണ്ടെങ്കിൽ, തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ല എന്നു വേണം ഉറപ്പിക്കാൻ.

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കിൽ അവരെ കർശനമായി തിരുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോൾ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കൾക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണ്.'