kerala-police
kerala police

കൊച്ചി : കെ.എ.പി നാലാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഒാഫീസർ നിയമന നടപടികൾ ഇതുമായി ബന്ധപ്പെട്ട ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. നിയമന നടപടികളുടെ ഭാഗമായി നടത്തിയ കായികക്ഷമതാ പരിശോധനയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കോഴിക്കോട് സ്വദേശി എ.പി. നിവേദ് ഉൾപ്പെടെ പത്ത് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ജൂലായ് അഞ്ചിന് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിട്ടത്.

യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ്. കേസിലെ രണ്ടാം പ്രതി നസീം 28 -ാം റാങ്കുകാരനും എസ്.എഫ്.ഐയുടെ മറ്റൊരു ഭാരവാഹിയായ പി.പി. പ്രണവ് രണ്ടാം റാങ്കുകാരനാണ്.

പി.എസ്.സി നടത്തുന്ന കായികക്ഷമതാ പരിശോധനയുടെ സുതാര്യത ഉറപ്പാക്കാൻ വീഡിയോയിൽ പകർത്തണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതു പാലിച്ചില്ല. വ്യാപകമായ ക്രമക്കേടിന് ഇതു വഴിവയ്ക്കുമെന്നാണ് ഹർജിക്കാരുടെ ആരോപണം. വീഡിയോയിൽ പകർത്താത്തതിനാൽ ടെസ്റ്റ് നിയമപരമല്ലെന്നും ഹർജിക്കാർ ആരോപിച്ചു.

നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ പി.എസ്.സിയുടെ അഭിഭാഷകൻ എതിർത്തു. തുടർന്നാണ് ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കും നിയമനമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. പബ്ളിക് സർവീസ് കമ്മിഷൻ, കമ്മിഷന്റെ കാസർകോട് ജില്ലാ ഒാഫീസർ, സംസ്ഥാന സർക്കാർ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.