ന്യൂഡൽഹി: ഗർഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിലപാട് അറിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഗരിമ സെക്സെറിയ, സ്വാതി അഗർവാൾ, പ്രാചി വാത്‌സ് എന്നീ മൂന്ന് സ്ത്രീകളാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്.
ഇന്ത്യയിൽ ഗ്രാമീണ മേഖലകളുള്ള ആശുപത്രികളും ക്ലിനിക്കുകളും അടിസ്ഥാന സൗകര്യത്തിൽ പുറകോട്ടാണെന്നും അത് ഗർഭിണികളായ സ്ത്രീകളെ ദോഷകരമായാണ് ബാധിക്കുകയെന്നും ഇവർ പറഞ്ഞു. ഇവിടങ്ങളിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും സ്ത്രീകൾ പറഞ്ഞു. ഗർഭം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കാണെന്നും സ്ത്രീയുടെ മൗലികാവകാശത്തെ എതിർക്കുന്ന നിയമങ്ങളാണ് നിലവിലുള്ളതെന്നും ഇവർ വാദിക്കുന്നു.
സ്വതന്ത്രമായി പ്രത്യുത്പാദനം നടത്താനുള്ള സ്ത്രീയുടെ അവകാശത്തെയും അവളുടെ സ്വകാര്യതയെയും ഹനിക്കുന്നതാണ് ഗർഭച്ഛിദ്രത്തിനെതിരെ നിലനിൽക്കുന്ന നിയമങ്ങളെന്നും ഇവർ കോടതിക്ക് നൽകിയ ഹർജിയിൽ പറയുന്നു. ഈ നിയമത്തിലൂടെ ആരോഗ്യപരമായ ജീവിതം നയിക്കുക എന്ന സ്ത്രീയുടെ അവകാശമാണ് ഇല്ലാതാകുന്നതെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു. വിഷയത്തിൽ നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ദീപക് ഗുപ്‌ത എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.