sniffer-dog

ഭോപ്പാൽ: ബി.ജെ.പി നേതൃത്വത്തെ കുറിച്ച് വിവാദ പരാമർശം നടത്തി മദ്ധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രി സജൻ സിംഗ് വെർമ. ഈയിടെ മദ്ധ്യപ്രദേശ് പൊലീസിലെ 46 പൊലീസ് നായ്ക്കളെയും അവയുടെ പരിശീലകരെയും ചിന്ത്വാര എന്ന സ്ഥലത്ത് നിന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ നിയമസഭയിലെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചായിരുന്നു സജൻ സിംഗിന്റെ ഈ പരാമർശം.കമൽ നാഥിന്റെ സ്വന്തം സ്ഥലമാണ് ചിന്ത്വാര.

'അവർ പട്ടികളെപ്പോലെയാണ്, അതിന് എന്ത് ചെയ്യാനാകും?'. നായ്ക്കളെ സ്വവസതിയിലേക്ക് മാറ്റിയ തീരുമാനത്തെ കുറിച്ചുള്ള ബി.ജെ.പിയുടെ അഭിപ്രായത്തെ പറ്റി ചോദിച്ചപ്പോൾ സജൻ സിംഗിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സജൻ സിംഗിന്റെ പരാമർശം ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. സർക്കാരിനെ 'ട്രാൻസ്ഫർ റാക്കറ്റ്' എന്ന് വിളിച്ചാണ് ഈ നടപടിയോട് ബി.ജെ.പി പ്രതികരിച്ചത്. നായ്ക്കളെ മാത്രമല്ല നിരവധി സർക്കാർ ഉദ്യോഗസ്ഥരേയും മദ്ധ്യ പ്രദേശ് സർക്കാർ പലതവണ സ്ഥലം മാറ്റിയിരുന്നു.

ശേഷിയുണ്ടായിരുന്നുവെങ്കിൽ ആകാശവും ഭൂമിയും വരെ ഈവിധം കമൽനാഥ് സർക്കാർ 'ട്രാൻസ്ഫർ' ചെയ്തേനെ എന്നാണ് ബി.ജെ.പി ഉപാദ്ധ്യക്ഷനും എം.എൽ.എയുമായ രാമേശ്വർ ശർമ പ്രതികരിച്ചത്. ' കോൺഗ്രസ് അദ്‌ഭുത പ്രവർത്തികൾ ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. അവർ നായ്ക്കളെ സ്ഥലം മാറ്റി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 50,000 സർക്കാർ ഉദ്യോഗസ്ഥരെയാണ് കമൽ നാഥ് സർക്കാർ സ്ഥലം മാറ്റിയത്. ട്രാൻസഫർ റാക്കറ്റ് പുരോഗമിക്കുകയാണ്. സജൻ സിംഗ് ഞങ്ങളെ പട്ടികളെന്നാണ് വിളിക്കുന്നതെങ്കിൽ, ഞാൻ പറയുന്നു, ഞങ്ങൾ പട്ടികൾ തന്നെയാണ്. ജനങ്ങൾക്ക് സേവനം ചെയ്യുന്ന പട്ടികളാണ് ഞങ്ങൾ.' രാമേശ്വർ ശർമ മറുപടി നൽകി.