ലണ്ടൻ: ലോകകപ്പിൽ ഇംഗ്ലണ്ട് ജേതാക്കളായതിന് പിന്നാലെ ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡിനെ രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിച്ച കെയ്ൻ വില്യംസണാണ് ടീം ക്യാപ്ടൻ. ഇന്ത്യയുടെ നായകൻ വിരാട് കോഹ്‌ലി പക്ഷേ ഐ.സി.സി ടീമിൽ ഇടം നേടിയില്ല 648 റൺസുമായി ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്ന ഓപ്പണർ രോഹിത് ശർമയും പേസർ ജസ്പ്രീത് ബുമ്രയും മാത്രമാണ് ടീമിൽ ഇടം നേടിയത്.
നാല് ഇംഗ്ലീഷ് താരങ്ങളും ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് രാജ്യങ്ങളിൽ നിന്ന് രണ്ടു താരങ്ങൾ വീതവും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയിയാണ് രോഹിത്തിന്റെ സഹ ഓപ്പണർ. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് നാലാമൻ. 606 റൺണ്‍സും 11 വിക്കറ്റും വീഴ്ത്തിയ ഷാക്കിബ് അൽ ഹസൻ അഞ്ചാമനാണ്. ഫൈനലിലെ താരമായ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്ക്‌സ് ആറാമനായെത്തുമ്പോൾ ജോസ് ബട്ട്‌ലറെയും എം.എസ് ധോണിയേയും പിന്തള്ളി ഓസ്‌ട്രേലിയയുടെ അലക്‌സ് കാരി വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു.
27 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ റെക്കോർഡിട്ട ഓസീസിന്റെ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ, ന്യൂസീലൻഡിന്റെ ലോക്കി ഫെർഗൂസൻ എന്നിവരാണ് ബുമ്രയെ കൂടാതെ ടീമിലുള്ള ബൗളർമാര്‍. കിവീസിന്റെ ട്രെന്റ് ബോൾട്ടാണ് ടീമിലെ പന്ത്രണ്ടാമൻ.